CPM എറണാകുളം ജില്ലാ സമ്മേള നം : പോലീസിനെതിരെ രൂക്ഷ വിമർശനം
എറണാകുളം :പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമുയർത്തിക്കൊണ്ട് സിപിഐ എം എറണാകുളം ജില്ലാ സമ്മേളനം. പല പൊലീസ് സ്റ്റേഷനുകളും ബിജെപിക്കാരുടെ കൈയിലെന്നും പാര്‍ട്ടിക്കാര്‍ക്ക് പൊലീസ് മര്‍ദ്ദനമേല്‍ക്കേണ്ട സാഹചര്യമാണ് നിലവിലെന്നും ചർച്ചയിൽ വിമര്‍ശനമുയർന്നു . വനം മന്ത്രിയെയും സമ്മേളന പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
പൊലീസ് ഇടത് സര്‍ക്കാരിന്റെ മുഖം വികൃതമാക്കുന്നു എന്നും വിമര്‍ശനമുയർന്നു . പൊലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ എത്തുന്ന പാര്‍ട്ടിക്കാര്‍ക്ക് മര്‍ദ്ദനമേല്‍ക്കേണ്ട സാഹചര്യമാണ്. സ്റ്റേഷന്‍ ഓഫീസര്‍മാര്‍ പലരും ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നു. പൊലീസിനെ അഴിച്ചു വിടരുതെന്നും സമ്മേളന പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാമെന്നും പൊലീസ് ഭീകരത എന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും നേതൃത്വം വിമര്‍ശനത്തിനു മറുപടി നല്‍കി.ജില്ലാ സെക്രട്ടറി സി എന്‍ മോഹനനെതിരെയും വിമർശനമുയർന്നു.
വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ വനം വകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ല, നഷ്ടപരിഹാര ചെക്ക് ഒപ്പിടാന്‍ മാത്രം ഒരു വനമന്ത്രി എന്തിനാണെന്ന് സിപിഐഎം സമ്മേളന പ്രതിനിധികള്‍ ചോദിച്ചു. വീഴ്ച വനം വകുപ്പിന് ആണെങ്കിലും മലയോരമേഖലകളില്‍ പ്രതിഷേധം പാര്‍ട്ടിക്കെതിരെ ആണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓര്‍മ്മപ്പെടുത്തി. എറണാകുളം ജില്ലാ സമ്മേളനം നാളെ അവസാനിക്കും. സി എന്‍ മോഹനന്‍ തന്നെ ജില്ലാ സെക്രട്ടറിയായി തുടരും.