ഹൃദയം പിളർന്ന വയനാട് ദുരന്തത്തിന് ഇന്ന് ഒരാണ്ട്

വയനാട് : ഇന്ന് ഒരാണ്ട് തികയുന്ന വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുൾദുരന്തത്തിന്റെ ഓർമ്മകളിലേക്ക് മലയാളികൾ. മൃതശരീരങ്ങളായും ശരീരഭാഗങ്ങളായും കൺമുന്നിൽ വന്ന ഹൃദയഭേദകമായ ദൃശ്യങ്ങൾ ഓരോ മലയാളിയുടെയും നോവാണ് ഇപ്പോഴും.
2024 ജൂലായ് 29 ന് രാത്രി 11.45 ഓടെ മേപ്പാടി പഞ്ചായത്തിലെ മൂന്ന് വാർഡുകളെ പ്രകൃതി സംഹരിക്കുകയായിരുന്നു. പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെ എട്ടു കിലോ മീറ്ററിൽ 8600 സ്ക്വയർ മീറ്റർ വിസ്തൃതിൽ ദുരന്തം വ്യാപിച്ചു. 298 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 32 പേരെ കാണാതായി. ചാലിയാർ, നിലമ്പൂർ തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നായി 223 ശരീരഭാഗങ്ങൾ കണ്ടെത്തി. പരിക്കേറ്റവർ 35 പേരാണ്. കേന്ദ്ര,സംസ്ഥാന സേനാ വിഭാഗങ്ങളിൽ നിന്നായി 1809 പേരാണ് രക്ഷാദൗത്യത്തിന് എത്തിയത്.
മുണ്ടക്കൈ അട്ടമല പുഞ്ചിരിമട്ടം പ്രദേശത്ത് ഒറ്റപ്പെട്ടുപാേയവരെ അതിവേഗം രക്ഷിക്കാൻ ചൂരൽമലയിൽ സൈന്യം നിർമ്മിച്ച ഉരുക്കുപാലം (ബെയ്ലി പാലം) രക്ഷാദൗത്യത്തിന്റെ നാഴികക്കല്ലായി. ദുരന്ത മേഖലയിൽ ഇപ്പോൾ ജനവാസമില്ല. അവിടേക്ക് പ്രവേശിക്കാൻ അനുമതിയുമില്ല.
മൊഹാലി ഐസറിന്റെ നേതൃത്വത്തിൽ വിദേശങ്ങളിൽ നിന്നുൾപ്പെടെയുള്ള 26 ശാസ്ത്രജ്ഞന്മാരുൾപ്പെട്ട സംഘം നടത്തിയ പഠന റിപ്പോർട്ട് പ്രകാരം മനുഷ്യ ജീവഹാനിയുടെ അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി ഇതിനെ വിലയിരുത്തി. ലാൻഡ് സ്ലൈഡ് ജേർണലിൽ ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.