അതിര്‍ത്തിയില്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ചൈന നിർമിക്കുന്നു

ബെയ്‌ജിങ്: ഇന്ത്യൻ അതിര്‍ത്തിയില്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമിക്കാൻ ചൈന. ടിബറ്റിലെ ബ്രഹ്മപുത്ര നദിക്കു കുറുകേ 167.8 ബില്യൺ യുഎസ് ഡോളർ ചെലവ് വരുന്ന അണക്കെട്ട് നിര്‍മാണമാണ് ചൈന ആരംഭിച്ചത്. അരുണാചൽ പ്രദേശിലെ ഇന്ത്യൻ അതിർത്തിയോട് ചേർന്നാണ് നിർമാണം. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് ബ്രഹ്മപുത്ര നദിയുടെ താഴ്ന്ന പ്രദേശങ്ങളായ യാർലുങ് സാങ്‌ബോ എന്നറിയപ്പെടുന്ന ന്യിങ്‌ചി സിറ്റിയിൽ നടന്ന തറക്കല്ലിടൽ ചടങ്ങിൽ ഔദ്യോഗികമായി അണക്കെട്ട് നിർമാണം ആരംഭിച്ച വിവരം അറിയിച്ചു.
ചൈനയുടെ തെക്കുപടിഞ്ഞാർ ഭാഗമായ സിസാങ് എന്ന് വിളിക്കുന്ന ടിബറ്റിലെ പ്രാദേശിക ആവശ്യങ്ങൾ പരിഹരിക്കുക എന്നതിനൊപ്പം വൈദ്യുതിയുടെ ഉൽപ്പാദനവുമാണ് ലക്ഷ്യം എന്നും ചൈന വ്യക്തമാക്കുന്നു. നാഷണൽ ഡെവലപ്‌മെൻ്റ് ആൻഡ് റിഫോം കമ്മിഷൻ, പവർ കണ്‍സ്‌ട്രക്ഷൻ കോർപ്പറേഷൻ ഓഫ് ചൈന തുടങ്ങി വിവിധ സംഘടനകളിൽ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങിൽ പങ്കെടുത്തു.
അഞ്ച് കാസ്‌കേഡ് ജലവൈദ്യുത നിലയങ്ങൾ ഉൾപ്പെടുന്നതാണ് ഈ പദ്ധതി. പദ്ധതിയുടെ മൊത്തം നിക്ഷേപം ഏകദേശം 1.2 ട്രില്യണ്‍ യുവാൻ ( ഏകദേശം 167.8 ബില്യണ്‍ യുഎസ് ഡോളർ ) ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.2023- ലെ ഒരു റിപ്പോർട്ടനുസരിച്ച് ജലവൈദ്യുത നിലയം ഓരോ വർഷവും 300 ബില്യണ്‍ കിലോവാട്ട് വൈദ്യുതിയാണ് മണിക്കൂറുകളിൽ ഉത്പ്പാദിപ്പിക്കുന്നത്. ഇതു തന്നെയാണ് ഇവിടെയും ലക്ഷ്യമിടുന്നത്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ 300 ദശലക്ഷത്തിലധികം ആളുകളുടെ ആവശ്യങ്ങൾ പരിഹരിക്കാനാകും എന്നും അധികൃതര്‍ സൂചിപ്പിക്കുന്നുണ്ട്.
ടിബറ്റ് സ്വയംഭരണ മേഖലയിലെ നൈഞ്ചിയിലെ മെയിൻലിംഗ് ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന പ്രദേശത്തുവച്ചാണ് പ്രധാനമന്ത്രി ലി ക്വിയാങ് വിവരങ്ങൾ അറിയിച്ചതെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. നിലവിൽ അയൽ രാജ്യങ്ങളായ ഇന്ത്യയിലും ബംഗ്ലാദേശിലും ഈ അണക്കെട്ട് നിർമ്മാണം ആശങ്കകൾക്കാണ് വഴിയൊരുക്കുന്നത്. അതിര്‍ത്തിയില്‍ വാട്ടര്‍ ബോംബ് ആണോ ചൈന ലക്ഷ്യമിടുന്നതെന്നും ചോദ്യം ഉയരുന്നുണ്ട്.ഇന്ത്യയെ സംബന്ധിച്ച് ബ്രഹ്മപുത്ര വെറുമൊരു നദിയല്ല. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനോപാദിയാണ്. ചൈന ഇതിനുമുൻപും നിരവധി ചെറിയ അണക്കെട്ടുകൾ നിർമിച്ചിട്ടുണ്ട്. മാത്രവുമല്ല ഈ അണക്കെട്ടുകൾ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോൾ ഒരു പുതിയ പദ്ധതിയും കടന്നുവന്നിരിക്കുന്നത്.
ഇന്ത്യയുടെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളും ഭൂപ്രകൃതിയും കാരണം ബ്രഹ്മപുത്ര ഇന്ത്യയിലൂടെ ഒഴുകുമ്പോൾ വ്യാപ്‌തി കൂടുന്ന ഒരു നദിയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞിരുന്നു. മാത്രവുമല്ല ചൈന ബ്രഹ്മപുത്രയിലെ വെള്ളം തടഞ്ഞാൽ അതിൻ്റെ പ്രത്യാഘാതം അനുഭവിക്കുന്നത് നിരവധിപേരായിരിക്കും. അതുകൊണ്ടുതന്നെ ഈ അണക്കെട്ടു പദ്ധതി ഭീഷണിപ്പെടുത്താനുള്ള തന്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, സുരക്ഷയൊന്നും പരിഗണിക്കാതെ കൃത്യമായ പഠനങ്ങള്‍ നടത്താതെയുമാണ് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടെന്ന അവകാശവാദത്തോടെ ചൈന നിര്‍മാണം ആരംഭിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്. നിലവിൽ അണക്കെട്ട് നിർമിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ടിബറ്റിൻ്റെ ഈ ഭാഗം ഭൂകമ്പം ഉണ്ടാകാൻ സാധ്യതയുള്ള മേഖലകൂടിയാണ്. ഒരു ഭൂകമ്പമുണ്ടായാൽ ടിബറ്റിൽ മാത്രമല്ല അസം, അരുണാചൽ പ്രദേശ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലും വൻ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും വ്യാപക നാശനഷ്‌ടങ്ങൾക്കും കാരണമാകും. ഇതെല്ലാം അറിഞ്ഞുകൊണ്ടുമാണ് ചൈന ഇപ്പോൾ അണക്കെട്ടു പദ്ധതിക്ക് തറക്കല്ലിട്ടിരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.ടിബറ്റിന് അടുത്ത് ജനുവരി 7- ന് റിക്‌ടർ സ്‌കെയിലിൽ 7.1 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 126 പേരാണ് മരണപ്പെട്ടത്. ഭൂകമ്പത്തെത്തുടർന്ന് നിലവിലുള്ള 14 അണക്കെട്ടുകളിൽ അഞ്ചെണ്ണത്തിൽ വിള്ളലുകളും ഉണ്ടായി. ഇത്തരം ഭയാനകമായ അവസ്ഥകൾ ഉണ്ടായിട്ടും പുതിയ അണക്കെട്ടിൻ്റെ നിർമാണത്തിൽ എന്ത് സുരക്ഷയാണ് ഉള്ളത് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഈ ചോദ്യം തന്നെയാണ് ഇന്ത്യയെയും ബംഗ്ലാദേശിനെയും ആശങ്കയിലാക്കുന്നതും.