കോൺക്രീറ്റ് മിശ്രിതം പാതയിൽവീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു

കൊല്ലം: ചാത്തന്നൂരിൽ ടാങ്കർ ലോറിയിൽനിന്ന് കോൺക്രീറ്റ് മിശ്രിതം പാതയിൽവീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ഓടക്കൊണ്ടിരുന്ന ലോറിയായതിനാൽ വഴിയാത്രക്കാരുടെ ദേഹത്തും കോൺക്രീറ്റ് മിശ്രിതം തെറിച്ചു വീണു. കോൺക്രീറ്റ് താഴെവീണ സമയം കൂടുതൽ വാഹനങ്ങൾ അതുവഴി കടന്നുപോകാതിരുന്നതും വാഹനങ്ങൾ ഒതുക്കിനിർത്തിയതും വലിയ അപകടം ഒഴിവാക്കി. പരവൂർ-ചാത്തന്നൂർ പാതയിൽ വൈകീട്ട് 4.30-ഓടെയാണ് സംഭവം. മീനാട് ഭാഗത്ത് പ്രവർത്തിക്കുന്ന റെഡിമിക്സ് പ്ളാന്റിലെ വാഹനത്തിൽനിന്നാണ് മെറ്റലുകളും സിമന്റും മണലും കലർന്ന മിശ്രിതം പാതയിലേക്കുവീണത്. വർക്കലയിൽ പോയി തിരികെവരികയായിരുന്നു ലോറി. ഫയർഫോഴ്‌സുമായി ബന്ധപ്പെട്ടെങ്കിലും എത്തിയില്ലെന്ന് ആക്ഷേപമുണ്ട്. തുടർന്ന് ബിജെപി പ്രവർത്തകർ പ്ളാന്റിൽ എത്തി പ്രതിഷേധിച്ചതിനെത്തുടർന്ന് ഇവിടെനിന്ന് അധികൃതർ എത്തി റോഡ് വെള്ളമൊഴിച്ച് വൃത്തിയാക്കിയത്