അഖില്‍ മാരാര്‍ക്കെതിരെ രാജ്യവിരുദ്ധ പരാമര്‍ശത്തിന് കേസ്

0

കൊല്ലം: ബിഗ് ബോസ് താരം അഖില്‍ മാരാർക്കെതിരെ രാജ്യവിരുദ്ധ പരാമര്‍ശത്തിന് കേസെടുത്ത് കൊട്ടാരക്കര പൊലീസ്. സോഷ്യല്‍ മീഡിയ വഴി ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന പരാതിയിലാണ് അഖില്‍ മാരാർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്‍റ് അനീഷ് കിഴക്കേക്കര നല്‍കിയ പരാതിയിലാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. ഇന്ത്യ – പാകിസ്ഥാൻ ഏറ്റുമുട്ടലില്‍ വെടിനിർത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അഖില്‍ മാരാർ സാമൂഹിക മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോയിലെ ഉള്ളടക്കം രാജ്യവിരുദ്ധമെന്നായിരുന്നു എന്ന് കാട്ടിയാണ് പരാതി.

ഭാരതീയ ന്യായ സംഹിത 152 വകുപ്പ് പ്രകാരം കേസെടുത്തത്. പഹൽഗാമിലെ തീവ്രവാദം നടത്തിയ ഒരാളെ പോലും പിടികൂടിയിട്ടില്ല എന്നും ബലൂചിസ്ഥാനികൾക്ക് ആയുധം നൽകി ഭാരതം പാകിസ്ഥാനിൽ സംഘർഷം ഉണ്ടാക്കിയതായും അഖിൽ പറഞ്ഞതായി എഫ്ഐആറില്‍ വ്യക്തമാക്കുന്നു.അതേസമയം, ഏത് വിധേനയും എന്നെ കുടുക്കാൻ ഒരവസരം നോക്കി നിന്ന പൊലീസ് ബിജെപിയുടെ പരാതിയില്‍ കേസെടുക്കുകയായിരുന്നെന്ന് അഖില്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. ഊതി വീർപ്പിച്ച ബലൂൺ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാൻ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാനും എന്നിലൂടെ നാല് പേർക്കിടയിലും അറിയാൻ വേണ്ടിയുമാണ് പോലീസ് കേസ് എടുത്തത്. ഇന്നലെ വരെ ബലൂചിസ്ഥാൻ പാകിസ്താനെ തകർക്കുന്ന ദൃശ്യങ്ങൾ പങ്ക് വെച്ച് അതിനും മോദിയുടെ ക്രെഡിറ്റ്‌ പാടി നടന്ന സംഘ പരിവാർ ഇപ്പോൾ ബലൂചിസ്ഥാനെ തള്ളി പറയുന്നത് പാകിസ്താനെ അവർ ഇല്ലാതാക്കും എന്ന് പറഞ്ഞത് കൊണ്ടുള്ള വിഷമം ആവാമെന്നും അഖില്‍ മാരാർ പറഞ്ഞു .

ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചാൽ ബംഗ്ലാദേശിനെ സ്വാതന്ത്ര രാജ്യം ആവാം എന്ന ബലൂചിസ്ഥാനികളുടെ മോഹം പാഴായി പോയല്ലോ എന്ന കാര്യം ഇക്കാര്യത്തിൽ മോദിയെ വിശ്വസിച്ച അവര്‍ക്ക് പണി കിട്ടിയല്ലോ എന്ന സർക്കാസ രൂപേണ ഉള്ള വാചകം എനിക്ക് സംഭവിച്ച നാക്ക് പിഴയാണ് അതിന് മറ്റൊരു അർത്ഥവും ഇല്ല എന്ന് എന്നെ അറിയുന്ന ആർക്കും അറിയും. രണ്ടായാലും ഇന്ത്യയിൽ ദേശ സ്നേഹം എന്നത് മോദി, ആര്‍എസ്എസ് സ്നേഹം ആയി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് എനിക്കെതിരെ ഉള്ള കേസ് നിയമപരമായി നേരിടാനുള്ള അവകാശം തനിക്കുണ്ടെന്നും ഹൈക്കോടതി സമീപിച്ചിട്ടുണ്ടെന്നും അഖില്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *