വയനാട് പുനരധിവാസ പദ്ധതിയിലേക്കുള്ള സംഭാവന : ”കെയർ ഫോർ മുംബൈ പണം നൽകിയത് സി പി എമ്മിന് ” : കെ.ബി.ഉത്തം കുമാർ

0

വസായ് : വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് വീടുവെക്കാനെന്നപേരിൽ ‘കെയർ ഫോർ മുംബൈ’ പണം നൽകിയത് കേരളത്തിലെ സി പി എമ്മിനാണെന്ന് ബി ജെ പി മഹാരാഷ്ട്ര കേരള ഘടകം കൺവീനർ ഉത്തംകുമാർ ആരോപിച്ചു.

വയനാട് ദുരന്തം കഴിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഒരു വീടുപോലും വെച്ചു കൊടുക്കാതെ ദുരന്തത്തിൻ്റെ പേരിൽ പിരിച്ച കോടിക്കണക്കിന് രൂപയുടെ കണക്കും പോലും കാണിക്കാത്ത പിണറായി വിജയന് വയനാട് ദുരന്ത പുനരധിവാസത്തിനെന്ന പേരിൽ മുംബൈയിലെ സന്നദ്ധ സംഘടനയായ ‘കെയർ ഫോർ മുംബൈ’ 80 ലക്ഷം രൂപ നൽകിയത് പ്രവാസി മലയാളികളോട് കാട്ടിയ കടുത്ത വഞ്ചനയാണ്. ചൂരൽ മലയിലും മുണ്ടക്കയ്യിലും മേപ്പാടിയിലും നൂറുകണക്കിന് മനുഷ്യ ജീവിതമാണ് നഷ്ടമായത്. ജീവൻ നഷ്ടമായവർ എത്രയാണെന്നോ നഷ്ടപ്പെട്ട വീടുകൾ എത്രയാണെന്നോ നഷ്ടപ്പെട്ട ഭൂമി എത്രയാണെന്നോ ഇനിയും വ്യക്തമായി കണക്കാക്കാൻ കഴിയാത്ത പിടിപ്പുകെട്ട സർക്കാരിന് മറുനാട്ടിൽ നിന്ന് ലക്ഷങ്ങൾ പിരിച്ചു നൽകി  ഫോട്ടേയ്ക്ക് പോസു ചെയ്തത് , മുണ്ടു മുറുക്കിയുടുത്ത് പണിയെടുക്കുന്ന പ്രവാസി മലയാളികളെ നോക്കി കൊഞ്ഞനം കുത്തുന്നതിന് തുല്യമാണ്. മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് ഒരു ജീവൻ പൊലിയുകയും കുത്തഴിഞ്ഞ ആരോഗ്യ വകുപ്പിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ആളിക്കത്തുകയും ചെയ്യുന്നതിനിടയിലാണ്  മുഖ്യമന്ത്രിക്ക്  സന്നദ്ധ സംഘടന 80 ലക്ഷം നൽകിയത്.

വയനാട് ദുരന്തത്തിൻ്റെ പേരിൽ 750 കോടിയിലധികം രൂപയാണ് സർക്കാർ പിരിച്ചത് ഇതിനു പുറമെ വീടുവെച്ചു നൽകാമെന്ന് വിവിധ സംഘടനകളും വ്യക്തികളും വാഗ്ദാനം ചെയ്തിട്ടുമുണ്ട് ഇതിനു വേണ്ട നടപടികൾ സ്വീകരിക്കാൻ കഴിയാതെ തികച്ചും നിഷ്ക്രിയമായ പിണറായി സർക്കാർ ദുരന്തത്തിനിരയായവരെ വഞ്ചിക്കുകയാണ്. പുനരധിവാസത്തിനു വേണ്ടി ചൂരൽ മലയിലേയും മുണ്ടക്കയ്യിലേയും ജനങ്ങൾ തെരുവിലിറങ്ങി സമരം നടത്തുന്നതൊന്നും കാണാതെ ആരെ തൃപ്തിപ്പെടുത്താനാണ് ‘കെയർ ഫോർ മുംബൈ’ 80 ലക്ഷം നൽകിയത്?

മുംബൈയിൽ നിന്ന് ലക്ഷങ്ങൾ പിരിച്ച് പിണറായി വിജയന് നൽകുമ്പോൾ ഇവിടെ കഷ്ടപ്പെടുന്ന പ്രവാസി മലയാളിക്ക് എന്ത് നേട്ടമാണുള്ളത്?

ആരോഗ്യ ചികിത്സാരംഗത്ത് കേരളം ‘നമ്പർ വൺ ‘ ആണെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉദ്‌ഘോഷിക്കുമ്പോൾ തന്നെയാണ് ഇപ്പോൾ വിദഗ്ദ്ദചികിത്‌സയ്ക്കായി പിണറായി വിജയൻ കുടുംബസമേതം അമേരിക്കയിലേക്ക് പോകുന്നത് . ഇതെന്തൊരു വിരോധാഭാസമാണ് !
ഇതിനായി വിനിയോഗിക്കുന്ന ലക്ഷങ്ങൾ പൊതുഖജനാവിൽ നിന്നുള്ളതല്ലേ ? ഒരു രോഗം വന്നാൽ കേരളത്തിലെ സർക്കാർ ആശുപത്രിയെ ആശ്രയിക്കേണ്ടി വരുന്ന സാധാരണക്കാരൻ്റെ കൂടി നികുതിപ്പണമല്ലേ പിണറായി വിജയനുവേണ്ടി സർക്കാർ ചെലവഴിക്കുന്നത് ? ഇതൊന്നും അറിയാത്ത സംഘടനയാണോ കെയർ ഫോർ മുംബൈ ?

കേന്ദ്ര റെയിൽവേ മന്ത്രി രാം നായിക്ക് മുംബൈയിലിരിക്കെ പണ്ട് മുംബൈയിലെ റെയിൽവേ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിയായിരുന്ന ഇ.കെ നയനാർക്ക് നിവേദനം നൽകിയ കേരളീയ കേന്ദ്ര സംഘടനയുടെ മറ്റൊരു പതിപ്പാണ് ‘കെയർ ഫോർ മുംബൈ’ . മുംബൈ മലയാളികളെ കെയർ ചെയ്യാതെ തങ്ങളുടെ ഏമാനെ സുഖിപ്പിക്കാൻ ദക്ഷിണ വെക്കുന്ന  സംഘടനയ്ക്കെതിരെ മനുഷ്യത്വമുള്ള രാഷ്ട്രബോധമുള്ള ആളുകൾ പ്രതികരിക്കണം – ഉത്തംകുമാർ  പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *