ഇ6 പകരക്കാരനായി എം6 ഇന്ത്യയിലെത്തിക്കാൻ BYD; 530 കിലോമീറ്റർ റേഞ്ച്, കാഴ്ചയിലും അഴക്

0

ലോകത്തില്‍ തന്നെ ഇലക്ട്രിക് വാഹനങ്ങളില്‍ വന്‍ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന കമ്പനിയാണ് ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബി.വൈ.ഡി. ഇ6, ആറ്റോ3, സീല്‍ എന്നീ മൂന്ന് വാഹനങ്ങള്‍ ബി.വൈ.ഡി. ഇന്ത്യയിലും എത്തിക്കുന്നുണ്ട്. ഈ വാഹനങ്ങള്‍ക്കിടയിലേക്ക് പുതിയൊരു മോഡല്‍ കൂടി എത്തിക്കാനുള്ള നീക്കത്തിലാണ് നിര്‍മാതാക്കള്‍. എം6 എന്ന പേരില്‍ വിദേശ രാജ്യങ്ങളില്‍ എത്തിച്ചിട്ടുള്ള എം.പി.വിയായിരിക്കും എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍, ഇ6 എന്ന വാഹനം പിന്‍വലിച്ച് ഇതിനുപകരമായായിരിക്കും എം6 എത്തുകയെന്നും വിലയിരുത്തലുകളുണ്ട്. ബി.വൈ.ഡി. ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഇ6 എം.പി.വിയുടെ വിവരങ്ങള്‍ നീക്കുകയും പകരം പുതിയ മോഡല്‍ ഉടനെത്തും എന്ന അറിയിപ്പ് നല്‍കുകയുമാണ് ചെയ്തിട്ടുള്ളത്. ഇതിനൊപ്പം വരാനൊരുങ്ങുന്ന വാഹനത്തിന്റെ ടീസര്‍ ചിത്രവും വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഉത്സവ സീസണിന് മുന്നോടിയായി ഈ വാഹനം എത്തുമെന്നാണ് സൂചന.

ഫ്യുച്ചറിസ്റ്റിക് ലുക്കിലുള്ള എല്‍.ഇ.ഡി. ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലും വെളിപ്പെടുത്തിയിട്ടുള്ളതാണ് ടീസര്‍ ചിത്രം. കാഴ്ചയില്‍ ഇ6-നെക്കാള്‍ സ്റ്റൈലിഷാണ് എം6. പുതുമയുള്ള ബംമ്പര്‍, അംഗുലര്‍ ബോണറ്റ്, വലിപ്പം കുറഞ്ഞ എയര്‍ഡാം, ഫോക്‌സ് സ്‌കിഡ് പ്ലേറ്റ് തുങ്ങിയവയാണ് മുന്‍വശം അലങ്കരിക്കുന്നത്. ഇരട്ട നിറത്തില്‍ തീര്‍ത്തതും ഡോറില്‍ നല്‍കിയിട്ടുള്ളതുമായി റിയര്‍വ്യൂ മിറര്‍, ആകര്‍ഷകമായ അലോയി വീല്‍, ഷോര്‍ഡര്‍ ലൈനുകള്‍ നല്‍കിയിട്ടുള്ള ഡോറുകള്‍ എന്നിവയാണ് വശങ്ങളില്‍ നല്‍കിയിട്ടുള്ളത്.

എല്‍.ഇ.ഡി. ലൈറ്റുകള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കി ഒരുക്കിയിട്ടുള്ള റാപ്പ്എറൗണ്ട് ടെയ്ല്‍ലാമ്പ്, രണ്ട് ലൈറ്റുകളെ ബന്ധിപ്പിച്ച നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പ്, റൂഫ് സ്‌പോയിലര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, പൂര്‍ണമായും ബോഡി കളറില്‍ ഒരുങ്ങിയിട്ടുള്ള റിയര്‍ ബമ്പര്‍, ബി.വൈ.ഡി. ബാഡ്ജിങ്ങ് തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ പിന്‍വശത്ത് നല്‍കിയിട്ടുള്ളത്. റെഗുലര്‍ കാറുകള്‍ക്ക് ഫ്യുവല്‍ ക്യാപ് നല്‍കുന്ന ഏരിയയിലാണ് ഈ വാഹനത്തിന്റെ ചാര്‍ജിങ് സ്ലോട്ട് നല്‍കിയിട്ടുള്ളത്.

ബി.വൈ.ഡിയുടെ മറ്റ് വാഹനങ്ങള്‍ പോലെ ചിട്ടയായാണ് ഈ വാഹനത്തിന്റെയും ഇന്റീരിയര്‍ തീര്‍ത്തിരിക്കുന്നത്. മൂന്നുനിര സീറ്റുകളിലായി ആറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന തരത്തിലാണ് സീറ്റിങ്ങ് ലേഔട്ട്. 12.8 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, അനലോഗ് ഡയലില്‍ തീര്‍ത്തിരിക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനില്‍ നിയന്ത്രിക്കുന്ന ക്ലൈമറ്റ് കണ്‍ട്രോള്‍, സീക്വന്‍ഷ്യല്‍ ഷിഫ്റ്റ് മോഡ് സെലക്ടര്‍ തുടങ്ങിയവയാണ് ഇന്റീരിയറിലെ ഹൈലറ്റുകള്‍.

55.4 കിലോവാട്ട്, 71.8 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് എം6-ന്റെ ഗ്ലോബല്‍ പതിപ്പുകള്‍ എത്തുന്നത്. യഥാക്രമം 161 ബി.എച്ച്.പി, 201 ബി.എച്ച്.പി. പവറുകള്‍ ഉത്പാദിപ്പിക്കുന്ന മോട്ടോറുകളും ഇവയില്‍ നല്‍കുന്നുണ്ട്. 310 എന്‍.എം.ടോര്‍ക്കാണ് രണ്ട് മോഡലുകളുമെകുന്നത്. 55.4 കിലോവാട്ട് മോഡല്‍ ഒറ്റത്തവണ ചാര്‍ജില്‍ 420 കിലോമീറ്ററും 71.8 കിലോവാട്ട് ബാറ്ററിപാക്ക് മോഡല്‍ 530 കിലോമീറ്റര്‍ റേഞ്ചുമാണ് ഉറപ്പുനല്‍കുന്നത്. ഇതില്‍ ഏത് ബാറ്ററി പാക്കാണ് ഇന്ത്യന്‍ പതിപ്പില്‍ നല്‍കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *