മധുര സ്മരണകളുണർത്തി , ഇന്ന് ലോക ചോക്ലേറ്റ് ദിനം

ജൂലൈ 7നാണ് ലോകമെമ്പാടുമുള്ള ചോക്ലേറ്റ് പ്രേമികൾ ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത്. ചോക്ലേറ്റിന്റെ ഗുണങ്ങളും പ്രാധാന്യവും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്.
1550-ൽ യൂറോപ്പിൽ ചോക്ലേറ്റ് അവതരിപ്പിച്ചതിന്റെ വാർഷികമായാണ് ഈ ദിനം ആഘോഷിക്കുന്നത്. ഏകദേശം 2500 വർഷം പഴക്കമാണ് ചോക്ലേറ്റിന്റെ ചരിത്രത്തിനുള്ളത്. 2000 വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിലെ മഴക്കാടുകളിൽ നിന്നാണ് ചോക്ലേറ്റ് കണ്ടെത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു.
പതിനാറാം നൂറ്റാണ്ടിന്റെ പകുതിയിലാണ് യൂറോപ്പിൽ ചോക്ലേറ്റ് വ്യാപകമാകുന്നത്.
1585ലാണ് യൂറോപ്പിലേക്ക് ആദ്യമായി ചോക്കലേറ്റ് ഇറക്കുമതി ചെയ്യുന്നതെന്ന് ചരിത്രരേഖകൾ പറയുന്നു. പതിനേഴാം നൂറ്റാണ്ട് എത്തുമ്പോഴേക്ക് യൂറോപ്പ് മുഴുവനും ചോക്കലേറ്റ് എത്തിയെങ്കിലും അത് വാങ്ങി കഴിക്കാൻ സാധാരണ യൂറോപ്യൻമാർക്കൊന്നും കഴിയുമായിരുന്നില്ല. അത്ര വിലയായിരുന്നു ചോക്കലേറ്റിന്.ഇന്ത്യയിൽ ഇന്ന് ചോക്കലേറ്റ് ഒരു വിദേശിയല്ല. അങ്ങേയറ്റം സ്വദേശിവൽക്കരിക്കപ്പെട്ട ഒരു മധുരമാണത്.
ബ്രിട്ടീഷുകാരുടെ കാലത്ത് പതിനെട്ടാം നൂറ്റാണ്ടിലാണ് ഇന്ത്യയിൽ കൊക്കോ കൃഷി ആരംഭിക്കുന്നത്. ഇന്ന് കാണുന്ന പല രൂപത്തിലും ഫ്ലേവറുകളിലും ചോക്ലേറ്റിന്റെ ചരിത്രം വളരെ വലുതാണ്.
ഇന്ത്യയുടെ വൈവിധ്യമാർന്ന ഭക്ഷണ സംസ്കാരം ചോക്ലേറ്റ് രംഗത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്, ആഗോള ചോക്ലേറ്റ് പാരമ്പര്യങ്ങളും, ഇന്ത്യയുടെ പ്രാദേശിക രുചികളും ഒരുമിച്ചാണ് ഇപ്പോൾ നീങ്ങുന്നത്. പരമ്പരാഗത ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുമായും മറ്റും ഇണങ്ങാൻ കഴിയുന്ന ഒരു ചേരുവയാണ് ഇന്ന് ചോക്കലേറ്റ്. ഏലം, കുങ്കുമപ്പൂവ്, ചായ, ശർക്കര, ചക്ക, മാമ്പഴം തുടങ്ങിയവയെല്ലാം ഇന്ന് ചോക്ലേറ്റുകളിൽ ചേർക്കുന്നു. അതിന്റെ ഫലമായി ചോക്ലേറ്റ് ബർഫി, ചോക്ലേറ്റ് മോദകം, ചോക്ലേറ്റ് തേങ്ങ ലഡ്ഡു തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ഇന്ന് നല്ല ഡിമാൻഡുണ്ട്.
മുൻകാലങ്ങളെ അപേക്ഷിച്ച് ചോക്ലേറ്റുകൾ ഇന്ത്യൻ മധുരപലഹാരങ്ങൾക്ക് ഒരു ട്രെൻഡി പകരക്കാരനായി മാറിയിട്ടുണ്ട്. ഉത്സവങ്ങൾക്കായി രൂപകൽപ്പന ചെയ്ത പുതിയ തരം ചോക്കലേറ്റുകളും വിപണിയിൽ ലഭ്യമാണ്. ഇന്ത്യൻ ചോക്ലേറ്റ് നിർമ്മാതാക്കൾ മുളകും കടലും ഉപ്പും ചേർത്ത ചോക്ലേറ്റുകൾ വരെ ഇറക്കുന്നുണ്ട്.
ചോക്ലേറ്റിന് ആരോഗ്യ ഗുണങ്ങൾ
- ചോക്ലേറ്റ് കഴിക്കുന്നത് സ്ട്രെസ് കുറയ്ക്കും .
ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ചോക്ലേറ്റ് ഗുണം ചെയ്യും .
ശരീരഭാരം കുറയ്ക്കാൻ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് സഹായിക്കുന്നു.
ആർത്തവ സമയത്തെ വയറ് വേദന കുറയ്ക്കുന്നു.
ആദ്യകാലത്ത് കയ്പേറിയ പാനീയമായിരുന്നുഇത് . തേൻ, വാനില, പഞ്ചസാര, കറുവാപ്പട്ട എന്നിവ ചേര്ത്തായിരുന്നു ഇതു തയ്യാറാക്കിയത്. 17ആം നൂറ്റാണ്ടിൽ ഐറിഷ് ഫിസിഷ്യനായ സർ ഹാൻസ് സ്ലോൺ ഇതു ചവയ്ക്കാൻ കഴിയുന്ന വിധത്തിൽ രൂപപ്പെടുത്തി എന്നാണ് പറയപ്പെടുന്നത്.കാഡ്ബറിയുടെയും ഹെർഷീയുടെയും നെസ്ലെയുടെയും വരവാണ് പിന്നീട് വിപ്ലവമായി മാറിയത്. ഇംഗ്ലണ്ടിലാണ് ‘കാഡ്ബറി’ ആരംഭിച്ചത്. ചോക്ലേറ്റ് പൂശിയ കാരമലുമായി ഹെർഷീയുമെത്തി. 1860-ൽ ആരംഭിച്ച ‘നെസ്ലെ’ ലോകത്തിലെ ഏറ്റവും ജനപ്രിയമായ മിൽക്ക് ചോക്ലേറ്റ് നിർമിച്ചു.