സിബിഎൽ സമ്മാനത്തുകയുടെയും ബോണസിന്റെയും വിതരണം പൂർത്തിയായിട്ടില്ല

ആലപ്പുഴ: വള്ളംകളി സീസൺ അടുത്തെത്തിയിട്ടും കഴിഞ്ഞ വർഷത്തെ സിബിഎൽ (ചാമ്പ്യൻസ് ബോട്ട് ലീഗ്) സമ്മാനത്തുകയുടെയും ബോണസിന്റെയും വിതരണം പൂർത്തിയായിട്ടില്ല. ഇനിയും തുക നൽകിയില്ലെങ്കിൽ ഈ വർഷത്തെ സിബിഎൽ അനിശ്ചിതത്വത്തിലാകുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. സമ്മാനത്തുകയും ബാക്കി ബോണസുമടക്കം ലക്ഷങ്ങളാണ് സിബിഎല്ലിൽ മത്സരിച്ച ക്ലബ്ബുകൾക്ക് ലഭിക്കാനുള്ളത്.
കഴിഞ്ഞവർഷം സിബിഎല്ലിൽ ആറു മത്സരങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ നാലു മത്സരങ്ങളുടെ ബോണസ് മാത്രമാണ് വിതരണം ചെയ്തത്. ലീഗ് നാലാം സീസണിൽ മത്സരിച്ച ക്ലബ്ബുകളും വള്ളസമിതികളും കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ട്. നെഹ്‌റുട്രോഫിക്കു മുന്നോടിയായി പരിശീലനത്തിന്റെ പ്രാരംഭനടപടികൾ പലരും ആരംഭിച്ചിട്ടുണ്ട്. പണച്ചെലവ് ഏറെയുള്ളതാണ് പരിശീലനവും ക്യാമ്പ് നടത്തിപ്പും.ഇപ്പോൾ ബാക്കിത്തുക ലഭിച്ചാൽ ക്ലബ്ബുകൾക്ക് ഇത് വലിയൊരു ആശ്വാസമാകുമെന്നാണ് ഇവർ പറയുന്നത്.നെഹ്‌റുട്രോഫിയുടെ ബോണസ് കൊടുത്തുതീർത്തതും കുറച്ചു നാളുകൾക്കു മുമ്പാണ്. നിരന്തര സമ്മർദങ്ങൾക്കൊടുവിലാണ് മാസങ്ങൾക്കുശേഷം നെഹ്റുട്രോഫിക്കുള്ള ഒരുകോടി രൂപ സർക്കാർ നൽകിയത്. പണം ലഭിക്കാത്തതോടെ സാമ്പത്തികശേഷിയുള്ള ക്ലബ്ബുകൾവരെ ദുരിതത്തിലാണ്.
സർക്കാരിൽ നിരന്തരം സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും ഒരു ഫലവുമില്ലെന്നാണ് ആക്ഷേപം.ഓരോ മത്സരത്തിലും പങ്കെടുക്കുന്ന ഒൻപതു വള്ളങ്ങൾക്ക് നാലുലക്ഷം രൂപ വീതമാണ് ബോണസ് നൽകേണ്ടത്. ഇതിൽ ഒരുലക്ഷം രൂപ ചുണ്ടൻവള്ളങ്ങൾക്കും മൂന്നുലക്ഷം രൂപ തുഴയുന്ന ക്ലബ്ബുകൾക്കുമാണ് നൽകേണ്ടത്. കഴിഞ്ഞവർഷത്തെ ലീഗ് ജേതാക്കളായ പിബിസിക്ക് 25 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കേണ്ടത്. രണ്ടാംസ്ഥാനക്കാരായ വിബിസിക്ക് 15 ലക്ഷവും മൂന്നാംസ്ഥാനക്കാരായ നിരണം ക്ലബ്ബിന് 10 ലക്ഷവും നൽകണം. ഇതുകൂടാതെ, ഓരോ മത്സരത്തിലും ആദ്യ സ്ഥാനക്കാർക്ക് അഞ്ചുലക്ഷം, രണ്ടാം സ്ഥാനക്കാർക്ക് മൂന്ന്, മൂന്നാംസ്ഥാനക്കാർക്ക് ഒരുലക്ഷം എന്നിങ്ങനെയാണ് മറ്റു സമ്മാനത്തുകകൾ നൽകേണ്ടത്.