ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം: നാല് പേർ കസ്റ്റഡിയിൽ
ബംഗളുരു: രാമേശ്വരം കഫേയിലെ സ്ഫോടനത്തിൽ നാല് പേർ കസ്റ്റഡിയിൽ. ധാർവാഡ്, ഹുബ്ബള്ളി, ബെംഗളുരു എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. സ്ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ശക്തി കുറഞ്ഞ ഐഇഡി സ്ഫോടനത്തിന് ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ച പൊലീസ് 2022-ൽ മംഗളുരുവിലുണ്ടായ സ്ഫോടനവുമായി ഇതിന് ബന്ധമുണ്ടോ എന്നതടക്കം പരിശോധിക്കുകയാണ്.
ശനിയാഴ്ച 12മണിയോടെ രാമേശ്വരം കഫേയിലേക്ക് കയറി വന്ന, 10 എന്നെഴുതിയ വെള്ള തൊപ്പി ധരിച്ച, കണ്ണട വെച്ച ആളാണ് ശുചിമുറിയുടെ പുറത്ത് ബാഗ് ഉപേക്ഷിച്ചതെന്ന് സ്ഥിരീകരിച്ചു. റവ ഇഡലി ഓർഡർ ചെയ്ത് അത് കഴിക്കാതെ വാഷ് ഏരിയയിൽ ബാഗ് വച്ച് കടന്ന് കളഞ്ഞ പ്രതിക്ക് 30 മുതൽ 35 വയസ്സ് വരെ പ്രായമുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. ബാഗ് ഉപേക്ഷിച്ചുപോയ വ്യക്തിയെ തിരിച്ചറിയാന്‍ നിര്‍മിത ബുദ്ധിയുടെ സഹായം ബെംഗളൂരു പോലീസ് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വാഷ് ബേസിനോട് ചേര്‍ന്നുള്ള സീറ്റിങ് ഏരിയയിലാണ് സ്ഫോടനമുണ്ടായത്. സ്ഥലത്തുനിന്ന് നട്ടുകളും ബോള്‍ട്ടുകളും കണ്ടെത്തിയിരുന്നു. സ്ഫോടകവസ്തുവില്‍ ഉപയോഗിച്ച ടൈമര്‍ ഡിവൈസും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പത്ത് പേര്‍ക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വൈറ്റ്ഫീൽഡിനടുത്തുള്ള ബ്രൂക്ക് ഫീൽഡിലുള്ള പ്രസിദ്ധമായ രാമേശ്വരം കഫേയിൽ ഇന്നലെ ഉച്ചയ്ക്ക് 12.56-നാണ് സ്ഫോടനമുണ്ടായത്. നിരവധി ആളുകൾ വന്ന് പോകുന്ന ഉച്ചഭക്ഷണ നേരത്ത് കൈ കഴുകുന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. രണ്ട് സ്ത്രീകളടക്കം മൂന്ന് ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും സ്ഫോടനത്തിൽ പരിക്കേറ്റു.