അനീഷിന്റെ മരണം: സംസ്ഥാനത്ത് ബിഎല്‍ഒമാര്‍ ഇന്ന് ജോലി ബഹിഷ്‌കരിക്കും
തിരുവനന്തപുരം: കണ്ണൂര്‍ പയ്യന്നൂരില്‍ ബിഎല്‍ഒ അനിഷ് ജോര്‍ജിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി ജോലി ബഹിഷ്‌കരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. കൂടാതെ എല്ലാ ജില്ലാ കളക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്തും. ജോലി സമ്മര്‍ദ്ദമാണ് അനീഷ് ജോര്‍ജിന്റെ മരണത്തിന് പിന്നിലെന്നാണ് ബന്ധുക്കളുടെ ആരോപണം. എസ്ഐആര്‍ ചുമതല കൂടി വന്നതോടെ അധികജോലിഭാരം മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്നാണ് ലഭ്യമായ വിവരം. അതിനാലാണ് തിങ്കളാഴ്ച തന്നെ പ്രതിഷേധിക്കാനുള്ള തീരുമാനം ബിഎല്‍ഒമാരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
പയ്യന്നൂര്‍ കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെ ഞായറാഴ്ചയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബൂത്ത്‌ലെവല്‍ ഓഫീസറായ (ബിഎല്‍ഒ) അനീഷ് ജോര്‍ജ് ജോലി സമ്മര്‍ദത്തെക്കുറിച്ച് നേരത്തേ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതായി വിവരമുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് സ്ഥിരീകരണമില്ല. ബിഎല്‍ഒയുടെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
