പക്ഷിപ്പനി നഷ്ടപരിഹാരം; 2.64 കോടിക്കു ശുപാർശ

ആലപ്പുഴ : പക്ഷിപ്പനി ബാധിച്ച് ചത്തതും കൊന്നതുമായ പക്ഷികളുടെ നഷ്ടപരിഹാരമായി ജില്ലയ്ക്ക് 2.64 കോടിരൂപ അനുവദിക്കാൻ സർക്കാരിനോട് മൃഗസംരക്ഷണവകുപ്പ് ശുപാർശ ചെയ്തു. ഇറച്ചിക്കോഴി, മുട്ടക്കോഴി, താറാവ്, കാടക്കോഴി എന്നിവയുൾപ്പെടെ ഒന്നരലക്ഷത്തോളം പക്ഷികളുടെ നഷ്ടപരിഹാരക്കണക്കാണ് തയ്യാറാക്കിയത്. രണ്ടുമാസത്തിനുമുകളിൽ പ്രായമുള്ള കോഴി, താറാവ് എന്നിവയ്ക്ക് 200 രൂപവീതവും അതിനു താഴെയുള്ളവയ്ക്ക് 100 വീതവുമാണ് നഷ്ടപരിഹാരം കണക്കാക്കിയിട്ടുള്ളത്. കാടക്കോഴിയുടെ വില നിശ്ചയിക്കാത്തതിനാൽ ഏകദേശക്കണക്കാണ് ചേർത്തിരിക്കുന്നത്. പ്രായത്തിനനുസരിച്ച് 15-30 രൂപ. ഇതിൽ മാറ്റം വന്നേക്കാം. ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിക്ക് 21.38 ലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കിയിട്ടുണ്ട്.
തുക എന്നുവിതരണംചെയ്യുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതിനുമുൻപ് നഷ്ടപരിഹാരംനൽകിയ വകയിൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിനു പണം നൽകാനുണ്ട്. അതു ലഭിച്ചിട്ടില്ലാത്തതിനാൽ, വിതരണം നീളാനിടയുണ്ട്. രണ്ടു മാസത്തോളമായി ജില്ലയിലെ ഇറച്ചിക്കോഴി കർഷകരും താറാവുകർഷകരും കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ്. പുതുതായി ഇറച്ചിക്കോഴിയും താറാവും വളർത്തുന്നതിന് അനുമതി നൽകിയിട്ടില്ല. 2025 മാർച്ചുവരെ പക്ഷിപ്പനിബാധിത മേഖലകളിൽ കോഴി, താറാവു വളർത്തൽ നിരോധിക്കണമെന്ന് വിദഗ്ധസംഘം ശുപാർശ ചെയ്തിരുന്നു. ഇതംഗീകരിക്കുമെന്ന സൂചനയാണ് മൃഗസംരക്ഷണവകുപ്പ് സ്വീകരിച്ചിട്ടുള്ളത്.
വിദഗ്ധസംഘത്തിന്റെ തീരുമാനം നടപ്പാക്കുന്നതിനെതിരേയാണു കർഷകർ. ഇതരസംസ്ഥാനത്തുനിന്നു കൊണ്ടുവന്ന കോഴിയിലൂടെയല്ല രോഗം പടർന്നതെന്ന് വിദഗ്ധസംഘം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ തമിഴ്നാടുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നു വരുന്ന ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്നതിനു നിരോധനം ഏർപ്പെടുത്തേണ്ടതില്ലെന്നാണ് അവരുടെ നിലപാട്. തമിഴ്നാട്ടിലെപ്പോലെ വാക്സിനേഷൻ ഊർജിതമാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.