ബിന്ദുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ: മകന് സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗതീരുമാനം. മകന് സര്‍ക്കാര്‍ ജോലി നല്‍കാനും വീട് നന്നാക്കി കൊടുക്കുനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്. നേരത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വീട്ടിലെത്തിയപ്പോള്‍ മകന് സര്‍ക്കാര്‍ ജോലി വേണമെന്ന് കുടുംബം വശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനം. നേരത്തെ മന്ത്രി വിഎന്‍ വാസവനും കുടുംബത്തിന് ആവശ്യമായ ധനസഹായം നല്‍കുന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്ന് അറിയിച്ചിരുന്നു.
ജൂലൈ 3ന് നടന്ന അപകടത്തിൽ തലയോലപ്പറമ്പ് ഉമ്മന്‍കുന്ന് മേപ്പത്ത്കുന്നേല്‍ ഡി ബിന്ദു (52) ആണ് മരിച്ചത്. മകളുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. ബിന്ദുവിന്റെ വീട് നിർമാണം പൂർത്തിയാക്കാൻ 12.5 ലക്ഷം രൂപ സർക്കാർ സഹായം അറിയിച്ചിരുന്നു. മകളുടെ ചികിത്സാ ചിലവുകൾ കണ്ടെത്തുന്നതിലും സർക്കാർ സഹായം ഉറപ്പ് നൽകിയിരുന്നു.