പ്രണയം കണ്ടെത്താൻ പുതിയ ഒരു വഴി കണ്ടെത്തി; 83,000 രൂപ മുടക്കി ബിൽബോർഡ് വച്ച് യുവാവ്

0

സിം​ഗിളായിരിക്കുക എന്നത് പലരേയും സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ്. ഒരു പ്രണയത്തിന് വേണ്ടി പല വഴിയും നോക്കുന്നവരുണ്ട്. സോഷ്യൽ മീഡിയയിലും ഡേറ്റിം​ഗ് ആപ്പിലും ഒക്കെ പ്രണയം തിരയുന്നവരും ഉണ്ട്. എന്നാൽ, പലപ്പോഴും പ്രണയമൊന്നും സംഭവിക്കാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. എന്തായാലും, ഈ യുവാവ് ഒരു പ്രണയം കണ്ടെത്താൻ പുതിയ ഒരു വഴി തന്നെ തേടി. അതിപ്പോൾ ഹിറ്റുമായി. വെസ്റ്റ് ഫിലാഡൽഫിയയിൽ നിന്നുള്ള 28 -കാരനായ ഡാറ്റാ മാനേജർ ഡേവ് ക്ലിന്നാണ് ഒരു പങ്കാളിയെ കണ്ടെത്താനും തൻ്റെ ഏകാന്ത ജീവിതത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ആ​ഗ്രഹത്തിലും $1,000 (83,933.30) മുടക്കി ഒരു ബിൽബോർഡ് തന്നെ വാടകയ്ക്കെടുത്തത്. കൂറ്റൻ ബിൽബോർഡിൽ ഡേവിന്റെ ചിത്രവും കാണാം. ‘ഡേവ് സിം​ഗിളാണ്. ഡേവിനൊപ്പം ഡേറ്റിന് പോണോ? എങ്കിൽ മെസ്സേജ് അയക്കൂ’ എന്നാണ് ഡേവ് പറയുന്നത്. ഒപ്പം തന്റെ ഇൻസ്റ്റ ഐഡിയും നൽകിയിട്ടുണ്ട്.

തന്നെ കുറിച്ചുള്ള ഒരു ചെറിയ വിവരണം കൂടി ഡേവ് നൽകിയിരിക്കുന്നത് കാണാം. അതിൽ പറയുന്നത് ഡേവിന് ഭക്ഷണമുണ്ടാക്കാനറിയാം, സാധാരണ ഹോബികളൊക്കെ തന്നെയാണ്, പിന്നെ ഒരു പൂച്ചയുണ്ട്, ബിൽബോർഡ് വച്ചു എന്നൊക്കെയാണ്. എന്തായാലും, ഡേവ് കാമുകിയെ തേടിക്കൊണ്ടുവച്ച ബിൽബോർഡ് സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയായി മാറിയിട്ടുണ്ട്. പിന്നീട്, ഡേവ് ഇതേക്കുറിച്ച് ഒരു പോസ്റ്റും ഇട്ടിരുന്നു. അതിൽ പറയുന്നത് നിങ്ങൾ ഞാൻ വച്ച ബിൽബോർഡ് കാണുകയോ, അതേ കുറിച്ച് കേൾക്കുകയോ ചെയ്തുകാണും എന്ന് കരുതുന്നു. എന്നാൽ, ഇപ്പോഴും സിം​ഗിളാണ്. താല്പര്യമുള്ളവർക്ക് തനിക്ക് മെസ്സേജ് അയക്കാം എന്നാണ്. പിന്നീട്, തനിക്ക് മെസ്സേജുകൾ‌ വന്നു എന്നും ഒരു ഡേറ്റിന് പോവാനുള്ള ക്ഷണം കിട്ടിയിട്ടുണ്ട് എന്നും കൂടി ഡേവ് പറയുന്നുണ്ട്. എന്തായാലും, ഡേവിന്റെ ഐഡിയ കൊള്ളാം എന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *