ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നത് ഫെഡറലിസത്തിന് എതിര് : സുപ്രീം കോടതി
ന്യൂഡല്‍ഹി: നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി ഭരണഘടന ബെഞ്ച്. രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് സമയപരിധി പാടില്ലെന്ന് കോടതി വ്യക്തമാക്കി. രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറന്‍സിനാണ് സുപ്രീം കോടതി മറുപടി നല്‍കിയത്.
ബില്ല് വന്നാല്‍ ഗവര്‍ണര്‍ അത് അനിയന്ത്രിതമായി പിടിച്ചുവെക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്ന് കോടതി നിരീക്ഷിച്ചു. ബില്ലുകളില്‍ ഭരണഘടനാപരമായ തീരുമാനം ഗവര്‍ണര്‍ എടുക്കണം. ബില്ലുകളില്‍ തീരുമാനം എടുക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉപയോഗിക്കാം. ബില്‍ പിടിച്ചുവെയ്ക്കുകയല്ല നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചര്‍ച്ചയിലൂടെയും പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. തീരുമാനം എടുത്തില്ലെങ്കില്‍ ബില്ല് അംഗീകരിച്ചെന്ന് കണക്കാക്കുന്ന നിലപാട് ഭരണഘടനയ്ക്ക് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും സമയക്രമം നിശ്ചയിച്ച തമിഴ്നാട് കേസിലെ വിധിയുടെ പശ്ചാത്തലത്തിലാണ് രാഷ്ട്രപതി സുപ്രീംകോടതിയുടെ അഭിപ്രായംതേടിയത്. ഭരണഘടനയുടെ 143-ാം വകുപ്പുപ്രകാരമാണ് 14 നിയമപ്രശ്‌നങ്ങളുന്നയിച്ച് രാഷ്ട്രപതി സുപ്രീംകോടതിയുടെ അഭിപ്രായം തേടിയത്. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ മൂന്നുമാസത്തെ സമയപരിധി നിര്‍ദേശിക്കുക മാത്രമല്ല, ഇക്കാര്യത്തില്‍ ഗവര്‍ണറും രാഷ്ട്രപതിയും സ്വീകരിക്കേണ്ട വിവിധ നടപടികളും വിധിയിലുണ്ടായിരുന്നു. അവയിലെ നിയമപ്രശ്‌നങ്ങളെല്ലാം രാഷ്ട്രപതി ചോദ്യങ്ങളായി ഉന്നയിച്ചിട്ടുണ്ട്.
