ഭിന്നശേഷിസൗഹൃദമായി പാർക്ക് ഉദ്ഘാടനം അടുത്തയാഴ്ച

0
bhinnasheshi

തിരുവനന്തപുരം : പൂർണമായും ഭിന്നശേഷിസൗഹൃദമായി ​ന​ഗരഹൃദയത്തിൽ പാർക്ക് ഒരുങ്ങുന്നു. ഭിന്നശേഷിക്കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കാനും ഇവരെ മുൻനിരയിലേക്ക് എത്തിക്കാനുമെന്ന ലക്ഷ്യം മുൻനിർത്തിയാണ് പാർക്ക് രൂപകല്പന ചെയ്തിട്ടുള്ളത്. കനകക്കുന്നിന് എതിരേയുള്ള ക്യാപ്റ്റൻ ലക്ഷ്മി പാർക്കിൽ പ്രത്യേകം സ്ഥലം കണ്ടെത്തിയാണ് ഇൻക്ല്യൂസീവ് പാർക്ക് എന്നപേരിൽ നിർമാണം പുരോഗമിക്കുന്നത്.

ജർമൻ കമ്പനി അലിയാൻസിന്റെ ഫണ്ടിൽ എൻജിഒ സംഘടനയായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ മെൻറൽ റിട്ടാർഡേഷനാണ് (സിഐഎംആർ) പാർക്ക് നിർമിക്കുന്നത്. കോർപ്പറേഷനാണ് മേൽനോട്ടച്ചുമതല. ക്യാപ്റ്റൻ ലക്ഷ്മി പാർക്കിൽ ഇരുപത്തിയഞ്ച് സെന്റിലാണ് പാർക്ക് ഉയരുന്നത്. ശേഷിക്കുന്ന പണികൾ പൂർത്തിയാക്കി അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. ഒരുകോടി രൂപയാണ് അടങ്കൽ.

പ്രത്യേകം തയ്യാറാക്കിയ സിന്തറ്റിക് ഫ്ളോർ, പുസ്തകശാല, ഭിന്നശേഷിസൗഹൃദ നടപ്പാതകളും ഉപകരണങ്ങളും ശൗചാലയവും, വഴിവിളക്കുകൾ, അലങ്കാരച്ചെടികളും ലൈറ്റുകളും ലാൻഡ്‌സ്കേപ്, കുടിവെള്ള കിയോസ്ക്, ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വിവരം ഉൾപ്പെടുത്തിയ പ്രദർശന പാനലുകൾ, ശാരീരികക്ഷമത വർധിപ്പിക്കാനായി പ്രത്യേകം ക്ലാസുകൾ, ഓട്ടിസംബാധിച്ച കുട്ടികൾക്കായി പ്രത്യേകം സജ്ജമാക്കിയ മതിലുകൾ, ബ്രയ്‌ലി ലിപി അടങ്ങുന്ന പാനലുകൾ, ചെറിയ പരിപാടി നടത്താനായി തുറന്ന വേദി, കാലാവസ്ഥ കിയോസ്‌ക്, കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ രൂപങ്ങൾ തുടങ്ങിയ സവിശേഷതകളാണ് പദ്ധതിയുടെ ഭാഗമായി പാർക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

രാവിലെ ഒൻപതുമുതൽ രാത്രി ഒൻപതുവരെയാണ് പ്രവർത്തനസമയം. സായാഹ്നങ്ങളെ സുന്ദരമാക്കാനും നഗരത്തിലെ സന്ദർശകരെ ലക്ഷ്യവുമിട്ടാണ് വാട്ടർ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ക്യാപ്റ്റൻ ലക്ഷ്മി പാർക്ക് രണ്ടുവർഷം മുൻപ് സ്മാർട് സിറ്റിയുടെ കീഴിൽ നവീകരണത്തിന് തുടക്കംകുറിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *