ബംഗ്ലാദേശി യുവാവ് കൊച്ചിയില്‍ പിടിയിൽ
എറണാകുളം: കൊച്ചിയിൽ വ്യാജ രേഖകളുമായി ബംഗ്ലാദേശി യുവാവ് പിടിയിൽ. അങ്കമാലി പൊലീസാണ് ബംഗ്ലാദേശ് ജെസോർ സ്വദേശി ഹൊസൈൻ ബെലോര്‍ (29) എന്നയാളെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അങ്കമാലിയിലെ താമസ സ്ഥലത്ത് നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇയാളിൽ നിന്ന് കാലാവധി കഴിഞ്ഞ ബംഗ്ലാദേശ് പാസ്പോർട്ടും കണ്ടെടുത്തിട്ടുണ്ട്. മുന്ന് മാസം മുമ്പാണ് ഇയാൾ അങ്കമാലിയിലെത്തിയത്. ബംഗ്ലാദേശ്-ഇന്ത്യ അതിർത്തിയിലൂടെ ഷാലിമാറിലെത്തി ഇയാൾ അവിടെയും കുറച്ച് നാൾ താമസിച്ചു. അവിടെ നിന്ന് തീവണ്ടി മാർഗം ആലുവയിലിറങ്ങി അങ്കമാലിയിൽ എത്തുകയായിരുന്നു.
ഇതിന് ശേഷം ആലുവയിൽ കോൺക്രീറ്റ് പണി ചെയ്‌തു വരികയായിരുന്നു. അയ്യായിരം രൂപ ഒരു ഏജൻ്റിന് നൽകി ഇയാളുടെ പേരിൽ രണ്ട് ആധാർ കാർഡ് എടുത്തിരുന്നു. ഇത് ഉപയോഗിച്ചാണ് ഇന്ത്യക്കാരനെന്ന പേരിൽ കഴിഞ്ഞിരുന്നത്.