ആതിര കൊലപാതകം: പ്രതി ജോണ്‍സണിനായി വ്യാപക തിരച്ചില്‍

0

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ആതിര എന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ജോണ്‍സനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആതിരയും പ്രതി കൊല്ലം ദളവാപുരം സ്വദേശി ജോണ്‍സണ്‍ ഔസേപ്പുമായി ഒരുവര്‍ഷക്കാലമായി അടുപ്പമുണ്ടായിരുന്നു. ഇരുവര്‍ക്കുമിടയില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. യുവതി കൊല്ലപ്പെട്ട ദിവസം പ്രതി കത്തിയുമായി പോകുന്നതിന്റെ തെളിവും പൊലീസിന് ലഭിച്ചു.

ആതിരയും ജോണ്‍സനും ഇന്‍സ്റ്റഗ്രാമില്‍ റീല്‍സുകള്‍ ഇടുമായിരുന്നു. നവമാധ്യമത്തിലൂടെ ഏകദേശം ഒരു വര്‍ഷം മുമ്പാണ് ജോണ്‍സണും ആതിരയും തമ്മില്‍ പരിചയപ്പെട്ടത്. നേരത്തെ ആതിരയില്‍ നിന്നും ഒരു ലക്ഷം രൂപ ജോണ്‍സണ്‍ വാങ്ങിയിരുന്നു. കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് 2500 രൂപയും വാങ്ങി. ആതിരയുടെ ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് ഇയാള്‍ പണം തട്ടിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

തനിക്കൊപ്പം ജീവിക്കാന്‍ ഇയാള്‍ യുവതിയെ നിര്‍ബന്ധിച്ചിരുന്നു. ശല്യം വര്‍ധിച്ചപ്പോള്‍ യുവതി ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞു. ഇയാളുമായുള്ള ബന്ധത്തെച്ചൊല്ലി ആതിരയും ഭര്‍ത്താവ് രാജിവും തമ്മില്‍ അസ്വാരസ്യങ്ങളും നിലനിന്നിരുന്നു. ഭര്‍ത്താവും വീട്ടുകാരും അറിഞ്ഞതിനു പിന്നാലെ സുഹൃത്തുമായുള്ള ബന്ധത്തില്‍ നിന്നും ആതിര പിന്‍വലിഞ്ഞിരുന്നു.

സംഭവദിവസം രാവിലെ ഒമ്പതുമണിയോടെയാണ് ജോണ്‍സണ്‍ ആതിരയുടെ വീട്ടിലെത്തിയത്. പ്രതിക്ക് യുവതി ചായ നല്‍കി. പിന്നീട് എന്തോ പറഞ്ഞ് അവര്‍ തമ്മില്‍ വഴക്കിട്ടു. തുടര്‍ന്ന് പ്രതി തന്നെ കൊണ്ടുവന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. ആതിരയുടെ തന്നെ ഇരുചക്രവാഹനം ഉപയോഗിച്ചാണ് പ്രതി വീട്ടില്‍ നിന്നും രക്ഷപ്പെട്ടത്. കത്തിയുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയുടെ കാണാതായ സ്‌കൂട്ടര്‍ ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ സ്കൂട്ടർ വച്ച ശേഷം ട്രെയിൻ കയറി പ്രതി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ആതിരയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് എല്ലാ മാസവും ആതിരയെ കാണാൻ കഠിനംകുളത്ത് എത്താറുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യ ആതിര (30)യെയാണ് ചൊവ്വാഴ്ച പകൽ വീട്ടിൽ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടത്. രാവിലെ അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *