ന്യൂയോർക്ക് ∙ കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിന് കൈപ്പിടിയിൽനിന്ന് അകന്നുപോയ യുഎസ് ഓപ്പൺ കിരീടം ബെലാറൂസിന്റെ അരീന സബലേങ്ക ഇത്തവണ കയ്യെത്തിപ്പിടിച്ചു. അതും ആതിഥേയ താരമായ ജെസിക്ക പെഗുലയെ കീഴടക്കി. വാശിയോടെ പൊരുതിയ പെഗുലയെ, ട്രൈബ്രേക്കറ്റിലേക്കു നീണ്ട രണ്ടു സെറ്റുകൾക്കാണ് സബലേങ്ക കീഴടക്കിയത്. സ്കോർ: 5–7, 5–7.
പത്തു വർഷത്തിനിടെ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ചാംപ്യനാകുന്ന ഒൻപതാമത്തെ താരമെന്ന പ്രത്യേകതയുമായാണ് സബലേങ്കയുടെ കിരീടധാരണം. 2018ലും 2020ലും കിരീടം നേടിയ ജപ്പാന്റെ നവോമി ഒസാക്ക മാത്രമാണ് ഇക്കാലഘട്ടത്തിൽ രണ്ടു തവണ യുഎസ് ഓപ്പൺ നേടിയ ഏക താരം.
രണ്ടു സെറ്റിലും പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച സബലേങ്ക, ആർതർ ആഷ് സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ യുഎസ് ആരാധകരെ സാക്ഷിനിർത്തി ടൈ ബ്രേക്കർ പോരാട്ടത്തിലാണ് ഇരു സെറ്റുകളും പിടിച്ചെടുത്തത്. രണ്ടാം സെറ്റിൽ 0–3 ന് മുന്നിൽ നിന്ന ശേഷം 5–3 എന്ന നിലയിൽ സെറ്റ് നഷ്ടപ്പെടുന്ന ഘട്ടത്തിൽ നിന്നാണ് ഗംഭീര തിരിച്ചുവരവിലൂടെ സെറ്റും മത്സരവും കിരീടവും സബലേങ്ക സ്വന്തമാക്കിയത്.