ഏപ്രിൽ 24 – ദേശീയ പഞ്ചായത്ത് രാജ് ദിനം

ഏപ്രിൽ 24 ദേശീയ പഞ്ചായത്ത് രാജ് ദിനമായി ഇന്ത്യ ആചരിക്കുകയാണ്. 1992 ജൂൺ 17 ന് 73-ാം ഭരണഘടനാ ഭേദഗതി പാസായതിന്‍റെ സ്‌മരണയ്ക്കായാണ് ഈ ദിനം ആചരിക്കുന്നത്. 1993 ഏപ്രിൽ 24 ന് നിയമം പ്രാബല്യത്തിൽ വന്നു. 2010 ഏപ്രിൽ 24 ന് ആണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ആദ്യത്തെ ദേശീയ പഞ്ചായത്തിരാജ് ദിനം പ്രഖ്യാപിക്കുന്നത്.
ഇന്ത്യയിൽ 2.39 ലക്ഷം ഗ്രാമപഞ്ചായത്തുകളും 589 ജില്ലാ പഞ്ചായത്തുകളും 6,904 ബ്ലോക്ക് പഞ്ചായത്തുകളും ഉൾപ്പെടെ 2.51 ലക്ഷം പഞ്ചായത്തുകളുണ്ട്. 73-ാം ഭേദഗതി ഗ്രാമീണ ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനം വളരെ പ്രകടമാണ്. ഇന്ത്യന്‍ ഭരണനിര്‍വഹണ സമവാക്യങ്ങളെ മുമ്പ് കണ്ടിട്ടില്ലാത്ത വിധം മാറ്റിമറിക്കുന്നതായിരുന്നു പഞ്ചാത്ത് രാജ്.
2022-23 വർഷത്തെ പഞ്ചായത്ത് സൂചിക റിപ്പോർട്ട് അടുത്തിടെ പിഎഐ പ്രസിദ്ധീകരിച്ചിരുന്നു. 2,55,699 ഗ്രാമപഞ്ചായത്തുകളിൽ 2,16,285 എണ്ണം സാധുതയുള്ള ഡാറ്റ സമർപ്പിച്ചതായാണ് കണ്ടെത്തല്‍. ഡാറ്റ പ്രകാരം രാജ്യത്തെ 699 (0.3 ശതമാനം) പഞ്ചായത്തുകൾ മുൻനിരയിലാണ്. 77,298 (35.8 ശതമാനം) പെർഫോമർമാരും 1,32,392 (61.2 ശതമാനം) പഞ്ചായത്തുകള്‍ ഉയര്‍ന്നു വരുന്നവയുമാണ്. 5,896 (2.7 ശതമാനം) ഗ്രാമപഞ്ചായത്തുകൾ തുടക്കക്കാരാണ്. അതേസമയം ഗ്രാമപഞ്ചായത്തുകളിൽ ഒന്നും തന്നെ അച്ചീവർ എന്ന നേട്ടം ഇതുവരെ നേടിയിട്ടില്ല. അന്തര്‍ സംസ്ഥാന താരതമ്യവും ഇതുവരെ നടത്തിയിട്ടില്ല. സംസ്ഥാനാടിസ്ഥാനത്തിൽ, 346 ഗ്രാമപഞ്ചായത്തുകളുമായി ഗുജറാത്താണ് മുന്നില്‍. തൊട്ടുപിന്നില്‍ 270 പഞ്ചായത്തുകളുമായി തെലങ്കാനയുമുണ്ട്.
ജനാധിപത്യത്തിന്‍റെ അധികാരം താഴേത്തട്ടിലേക്ക് നിയോഗിക്കാൻ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ ആവശ്യം നിറവേറ്റുന്നതിനായി 1957-ൽ ബൽവന്ത്റായ് മേത്തയുടെ നേതൃത്വത്തിൽ ഒരു പാനൽ രൂപീകരിച്ചു. 1992 ലെ 73-ാം ഭേദഗതി നിയമം 1993 ഏപ്രിൽ 24 മുതലാണ് പ്രാബല്യത്തിൽ വരുന്നത്. നിയമം പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനാ പദവി നൽകി. രാഷ്ട്രീയ അധികാരത്തിന്‍റെ വികേന്ദ്രീകരണ ചരിത്രത്തിലെ നിര്‍ണാക ഏടായിരുന്നു ഇത്.
73-ാമത് ഭരണഘടനാ ഭേദഗതി ബിൽ 1992 ഡിസംബർ 22-ന് ലോക്‌സഭയും 1992 ഡിസംബർ 23-ന് രാജ്യസഭയും പാസാക്കി.
പാർലമെന്‍റിൽ പാസായതിനെ തുടർന്ന്, 17 സംസ്ഥാന നിയമസഭകൾ ഇത് അംഗീകരിക്കുകയും 1993 ഏപ്രിൽ 23-ന് രാഷ്ട്രപതിയുടെ അനുമതി നേടുകയും ചെയ്‌തു.
ഇന്ത്യയുടെ ഭരണ സംവിധാനത്തിൽ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തിക്കൊണ്ട് 1993 ഏപ്രിൽ 24-ന് ഈ നിയമം പ്രാബല്യത്തിൽ വന്നു.
2025-ലെ ദേശീയ പഞ്ചായത്ത് രാജ് ദിനത്തിന് ഇന്ത്യയിൽ ഒരു പ്രമേയവുമില്ല. എന്നാൽ രാജ്യത്തുടനീളമുള്ള മികച്ച പഞ്ചായത്തുകളെ അഭിനന്ദിക്കുന്ന ഒരു അവാർഡ് ദാന ചടങ്ങ് ഈ ദിവസം നടക്കും. ഗ്രാമീണ കുടുംബങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതില്‍ പഞ്ചായത്തുകൾ ചെയ്യുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡുകൾ.
ഗ്രാമവികസനത്തിലും തദ്ദേശ ഭരണത്തിലും പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ നിർണായക പങ്ക് തിരിച്ചറിയുന്നതിലാണ് ഈ ദിവസത്തിന്‍റെ പ്രാധാന്യം. ഗ്രാമീണ ഇന്ത്യയിൽ താമസിക്കുന്നവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് സമഗ്ര വികസനം, സാമൂഹിക നീതി, ഫലപ്രദമായ സേവന വിതരണം എന്നിവ ഉറപ്പാക്കുന്നതിന് പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. ഇതിനായി സംവിധാനത്തെ ശാക്തീകരിക്കുക, പ്രാപ്‌തമാക്കുക, ഉത്തരവാദിത്തപ്പെടുത്തുക എന്നൊരു ഉദ്ദേശം കൂടി ഈ ദിനത്തിനുണ്ട്. ഗ്രാമീണ ഇന്ത്യയിൽ ജീവിത സൗകര്യവും ബിസിനസുകളും മെച്ചപ്പെടുത്തുന്നതിന് ഇടനിലക്കാരായി പഞ്ചായത്തുകൾ അത്യാവശ്യമാണ്.
ഗ്രാമസഭയിൽ ഒരു ഗ്രാമത്തിലെ എല്ലാ മുതിർന്ന അംഗങ്ങളും ഉൾപ്പെടും. കൂടാതെ ഇത് സംവിധാനത്തിന്‍റെ അടിത്തറയായി പ്രവർത്തിക്കുന്നു. ത്രിതല ഘടനയാണ് ഇത് പിന്തുടരുന്നത്. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളില്‍ (പിആർഐ) ഓരോ അഞ്ച് വർഷത്തിലും തെരഞ്ഞെടുപ്പുകൾ നടക്കും. പ്രാതിനിധ്യം ഉറപ്പാക്കാൻ പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി), സ്ത്രീകൾ എന്നിവർക്കായി സീറ്റുകൾ സംവരണം ചെയ്‌തിട്ടുണ്ട്.
പഞ്ചായത്തുകൾക്ക് അഞ്ച് വർഷത്തെ കാലാവധിയുണ്ടെങ്കിലും ആവശ്യമെങ്കിൽ നേരത്തെ പിരിച്ചുവിടാനുള്ള വ്യവസ്ഥകളുമുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ പിആർഐ തെരഞ്ഞെടുപ്പുകൾ മേൽനോട്ടം വഹിക്കുകയും നടത്തുകയും ചെയ്യും. പഞ്ചായത്തുകളുടെ അധികാരങ്ങളും പ്രവർത്തനങ്ങളും സംസ്ഥാനങ്ങളാണ് നിർവചിക്കുക. ധനകാര്യ കമ്മിഷൻ പിആർഐകളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുകയും വിഭവ വിനിയോഗ ശുപാർശകൾ നൽകുകയും ചെയ്യും. പിആർഐകളുടെ അധികാരങ്ങൾ, ഉത്തരവാദിത്തങ്ങൾ എന്നിവ 11-ാം ഷെഡ്യൂളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തദ്ദേശ ഭരണം പ്രോത്സാഹിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വിവിധ പരിപാടികളോടെ ഇന്ത്യയിലുടനീളം ദേശീയ പഞ്ചായത്ത് രാജ് ദിനം ആചരിക്കുന്നുണ്ട്. മികച്ച പ്രകടനത്തിന് അംഗീകാരമായി പഞ്ചായത്ത് സശക്തികരൺ പുരസ്‌കാരം, നാനാജി ദേശ്‌മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാമസഭ പുരസ്‌കാരം തുടങ്ങിയ അവാർഡുകൾ നൽകി പഞ്ചായത്ത് രാജ് മന്ത്രാലയം മികച്ച പഞ്ചായത്തുകളെ ആദരിക്കും.
പരിശീലനം നൽകുന്നതിനും ചർച്ചകൾ സുഗമമാക്കുന്നതിനും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടി വർക്ക്‌ഷോപ്പുകളും സെമിനാറുകളും ഈ ദിവസം സംഘടിപ്പിക്കും. കൂടാതെ, തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങൾക്ക് ദേശീയ, സംസ്ഥാന നേതാക്കളുമായി സംവദിക്കാനും അവരുടെ അനുഭവങ്ങളും വെല്ലുവിളികളും പങ്കുവക്കാനുള്ള അവസരവുമുണ്ട്.
ഇന്ത്യാ ഗവൺമെന്‍റിന്‍റെ ഭാഗമായ പഞ്ചായത്ത് രാജ് മന്ത്രാലയം, സംസ്ഥാനങ്ങളിലുടനീളം അധികാര വികേന്ദ്രീകരണം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക ഭരണം ശക്തിപ്പെടുത്തുന്നതിനും വേണ്ടി നിലകൊള്ളുന്നതാണ്. 2004 മെയ് മാസത്തിൽ സ്ഥാപിതമായ മന്ത്രാലയം കാബിനറ്റ് റാങ്കുള്ള മന്ത്രിയുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. ലാലൻ സിങ് എന്നറിയപ്പെടുന്ന രാജീവ് രഞ്ജൻ സിങ്ങാണ് നിലവിൽ ഈ പദവി വഹിക്കുന്നത്.
പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ (പിആർഐ) സുതാര്യത, ഉത്തരവാദിത്തം, കാര്യക്ഷമത എന്നിവ വർധിപ്പിക്കുന്നതിന് ആരംഭിച്ചതാണ് ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന്‍റെ ഭാഗമായ ഡിജിറ്റൽ പഞ്ചായത്ത് സംരംഭം. പഞ്ചായത്ത് രാജ് മന്ത്രാലയം നേതൃത്വം നൽകുന്ന ഈ സംരംഭത്തിൽ ഇ-പഞ്ചായത്ത് മിഷൻ മോഡ് പ്രോജക്റ്റ് (എംഎംപി) , ഇ-ഗ്രാംസ്വരാജ് ആപ്ലിക്കേഷൻ എന്നിവ ഉള്‍പ്പെടുന്നു. ആസൂത്രണം, ബജറ്റിങ്, അക്കൗണ്ടിങ്, നിരീക്ഷണം, ആസ്‌തി മാനേജ്മെന്‍റ് എന്നിവയുൾപ്പെടെ പഞ്ചായത്ത് പ്രവർത്തനങ്ങളുടെ വിവിധ വശങ്ങളെ ഈ പ്ലാറ്റ്‌ഫോം ഏകീകരിക്കുന്നു.
മുന്നോട്ടുള്ള യാത്രിയിലെ പ്രധാന ലക്ഷ്യങ്ങള്‍:
- പഞ്ചായത്തുകളുടെ സാമ്പത്തിക സ്വയംഭരണം ശക്തിപ്പെടുത്തൽ.
- ഇ-പഞ്ചായത്ത് സംരംഭങ്ങളിലൂടെ ഡിജിറ്റൽ ഭരണം പ്രോത്സാഹിപ്പിക്കല്‍.
- പ്രാദേശിക ഭരണത്തിൽ സ്ത്രീകളുടെയും യുവാക്കളുടെയും പങ്കാളിത്തം പ്രോത്സാഹിപ്പിക്കല്‍.
- തീരുമാനമെടുക്കുന്ന പ്രക്രിയകളിൽ സുതാര്യതയും ഉത്തരവാദിത്തവും വർധിപ്പിക്കല്‍