ആന്ധ്രായിൽ കുർണൂലിൽ ബസിനു തീപ്പിടിച്ച് മഹാദുരന്തം.
കുര്‍ണൂല്‍: ആന്ധ്രായിൽ കുര്‍ണൂലില്‍ ബസിനു തീപ്പിടിച്ച് മഹാദുരന്തം. ഓട്ടേറെപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട വോള്‍വോ മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസ്സിനാണ് തീപിടിച്ചത്. 40 യാത്രക്കാരുണ്ടായിരുന്നു. 15 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി. ഇരുചക്ര വാഹനത്തില്‍ ബസ് ഇടിച്ചതിന് പിന്നാലെയാണ് തീപ്പിടിത്തമുണ്ടായതെന്നാണ് സൂചന. പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം.
കാവേരി ട്രാവല്‍സിന്റെ ഒരു വോള്‍വോ ബസ് ഹൈദരാബാദില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകുന്നതിനിടെ അപകടത്തില്‍പ്പെട്ടെന്നാണ് കര്‍ണൂല്‍ പോലീസ് സൂപ്രണ്ട് വിക്രാന്ത് പാട്ടീല്‍ പറഞ്ഞത്. ഇരുചക്രവാഹനത്തില്‍ ഇടിക്കുകയും ബസിനടിയില്‍ കുടുങ്ങുകയും ചെയ്തു. ഇതേത്തുടര്‍ന്നുണ്ടായ തീപ്പൊരിയായിരിക്കാം തീപ്പിടിത്തത്തിന് കാരണമെന്നും പാട്ടീല്‍ വ്യക്തമാക്കി. സംഭവസമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നിരിക്കാം. എ.സി ബസ്സായതിനാല്‍ ബസ്സിന്റെ ചില്ല് തകര്‍ത്താണ് രക്ഷപ്പെട്ടവര്‍ പുറത്തേക്ക് ചാടിയത്.
