‘എല്ലാ അർഥത്തിലും തുടങ്ങുന്നു’: സിപിഎം ചിഹ്നമില്ല; സരിൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും

0

പാലക്കാട്∙  പാലക്കാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്വതന്ത്രനായി ഡോ.പി.സരിൻ മത്സരിക്കും. പാലക്കാട്ടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയ സരിനു വൻ വരവേൽപ്പാണ് സിപിഎം പ്രവർത്തകർ നൽകിയത്. സിപിഎമ്മിന്റെ ചിഹ്നത്തിലല്ല മത്സരിക്കുന്നതെന്നാണു സൂചന. ഔദ്യോഗിക പ്രഖ്യാപനം നാളെയേ ഉണ്ടാകൂ. റോഡ് ഷോ ഉൾപ്പെടെയുള്ളവ നാളെയായിരിക്കുമെന്നാണു വിവരം. എല്ലാ അർഥത്തിലും തുടങ്ങുന്നുവെന്ന് സരിൻ മാധ്യമങ്ങളോടു സംസാരിച്ചു. താൻ രാഷ്ട്രീയ അനാഥത്വം നേരിടേണ്ടയാളല്ല എന്നതിന്റെ ബോധ്യപ്പെടുത്തലാണിതെന്നും സരിൻ കൂട്ടിച്ചേർത്തു.

രാവിലെ മന്ത്രി എം.ബി. രാജേഷിനെ സരിൻ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. ഓട്ടോയിലാണ് സരിൻ ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയത്. എ.കെ. ബാലൻ, പി.കെ. കൃഷ്ണദാസ് അടക്കമുള്ള നേതാക്കൾ സരിനെ സ്വീകരിക്കാനെത്തിയിരുന്നു. സരിൻ എത്തിയതിനു പിന്നാലെ സിപിഎം പ്രവർത്തകർ അദ്ദേഹത്തിന് വേണ്ടി മുദ്രാവാക്യം വിളിച്ചു. എ.കെ. ബാലൻ ചുവന്ന ഷാൾ അണിയിച്ചു വരവേറ്റു.

സിപിഎമ്മും ബിജെപിയും തമ്മിൽ ബന്ധമെന്നതു വ്യാജ ആരോപണമാണെന്ന് സരിൻ മാധ്യമങ്ങളോടു പറഞ്ഞു. ബിജെപിയെ ജയിപ്പിക്കാമെന്ന് ആരെങ്കിലും വാക്കു കൊടുത്തെങ്കിൽ നടക്കില്ല. വടകരയിലേക്കു ഷാഫി പോയത് മുസ്‌ലിം കോട്ട നികത്താനാണോയെന്നും സരിൻ ചോദിച്ചു.അതേസമയം, പി. സരിനെ ഓഫിസിലേക്കു സ്വീകരിച്ചത് സ്ഥാനാർഥിയായല്ലെന്ന് എ.കെ. ബാലൻ പ്രതികരിച്ചു. സ്ഥാനാാർഥിയെ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *