മദ്യപരിശോധന : ബ്രീത്ത് അനലൈസറിൽ ‘എയർ ബ്ലാങ്ക് ടെസ്റ്റ്’ നിർബന്ധമാക്കി ഹൈക്കോടതി

എറണാകുളം: മദ്യപിച്ച് വാഹനമോടിക്കുന്നു എന്ന് സംശയിക്കുന്നവരെ ‘ബ്രീത്ത് അനലൈസർ ‘പരിശോധനയ്ക്ക് വിധേയമാക്കും മുൻപ് ‘എയർ ബ്ലാങ്ക് ടെസ്റ്റ്’ നിർബന്ധമായും നടത്തണമെന്ന് ഹൈക്കോടതി. ഉപകരണത്തിൽ ‘0.000’ റീഡിങ് കാണിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി ഡിജിപിക്ക് നിർദേശം നൽകി. മുൻ പരിശോധനകളിൽ നിന്ന് മദ്യത്തിൻ്റെ അംശം അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ബ്ലാങ്ക് ടെസ്റ്റിൻ്റെ പ്രധാന ലക്ഷ്യം.
ഒരു വ്യക്തിയുടെ ശ്വാസ സാമ്പിൾ എടുക്കും മുൻപ് എയർ ബ്ലാങ്ക് ടെസ്റ്റ് നടത്തണം. ഉപകരണത്തിൻ്റെ കാലിബറേഷൻ ‘പൂജ്യത്തിൽ’ ആണെന്ന് ഉറപ്പാക്കുകയും വേണം. മധുരം കൂടുതലുള്ള പഴങ്ങൾ കഴിച്ച പലർക്കും അടുത്തിടെ ബ്രീത്ത് അനലൈസർ പരിശോധനയിൽ തെറ്റായ ഫലം ലഭിച്ചിരുന്നു. ഇത് നിയമപ്രശ്നങ്ങൾക്ക് കാരണമായിരുന്നു.
അത്തരത്തിലുള്ള പല തർക്കങ്ങൾക്കും എയർ ബ്ലാങ്ക് ടെസ്റ്റ് നടത്തുന്നതിലൂടെ പരിഹാരമാവുമെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഡ്വ. ഫഹിം അഹ്സൻ പറഞ്ഞു. ബ്രീത്ത് അനലൈസർ പരിശോധനയിൽ കൃത്യമായ മാനദണ്ഡം പുറത്തിറക്കാനും എയർ ബ്ലാങ്ക് ടെസ്റ്റ് ഉറപ്പാക്കാനും കോടതി ഉത്തരവ് സഹായകമാകും. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അടിയന്തര സന്ദേശം കൈമാറാനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ ശരൺ കുമാർ എസ് എന്നയാൾക്കെതിരായ കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി ജി അരുൺ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 2024 ഡിസംബർ 30-ന് രാത്രി ഏകദേശം 8:30-ന് മെഡിക്കൽ കോളേജ്-കുമാരപുരം റോഡിൽ അശ്രദ്ധമായും സ്കൂട്ടർ ഓടിച്ചു എന്നാരോപിച്ച് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. പൊലീസ് വാഹനം തടയുകയും മദ്യപിച്ചു എന്ന സംശയത്തിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് ശേഷം ജാമ്യത്തിൽ വിടുകയായിരുന്നു.
മദ്യപിച്ച് അശ്രദ്ധമായി സ്കൂട്ടർ ഓടിച്ചു എന്നാരോപിച്ച് തനിക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷൻ്റെ വാദം അനുസരിച്ച്, ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) സെക്ഷൻ 281, മോട്ടോർ വാഹന നിയമത്തിലെ (എംവി ആക്ട്) സെക്ഷൻ 185, 3(1), 181 എന്നീ കുറ്റങ്ങളാണ് ഹർജിക്കാരനെതിരെ ചുമത്തിയിരുന്നത്.
ബ്രീത്ത് അനലൈസർ പരിശോധനയുടെ പ്രിൻ്റ് ഔട്ടിൽ, തൻ്റെ ശ്വാസ സാമ്പിൾ എടുക്കും മുൻപ് നടത്തിയ ബ്ലാങ്ക് ടെസ്റ്റിൽ 412 mg/100 ml എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഹർജിക്കാരൻ വാദിച്ചു. പരിശോധന നടത്തുന്നതിന് മുൻപ് ഉപകരണത്തിൻ്റെ കാലിബറേഷൻ ‘പൂജ്യത്തിൽ’ ആണെന്ന് പൊലീസ് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ, നടത്തിയ പരിശോധനയ്ക്ക് നിയമപരമായ സാധുതയില്ലെന്നും അദ്ദേഹം വാദിച്ചു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറത്തിറക്കിയ നിർദേശപ്രകാരം, ഓരോ ബ്രീത്ത് അനലൈസർ പരിശോധനയ്ക്കും മുൻപ് ഉപകരണത്തിൽ ‘എയർ ബ്ലാങ്ക് ടെസ്റ്റ്’ നടത്തുകയും ‘0.000’ എന്ന് രേഖപ്പെടുത്തുകയും ചെയ്യേണ്ടത് നിർബന്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബ്രീത്ത് അനലൈസർ പരിശോധനയുടെ വിശ്വാസ്യതയും തെളിവായി അതിനെ സ്വീകരിക്കുന്നതും പരിശോധന സമയത്ത് ബ്ലാങ്ക് ടെസ്റ്റ് റീഡിങ് ‘0.000’ ആയിരുന്നോ എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് കോടതി വ്യക്തമാക്കി.
പരിശോധന നടത്തുന്ന പൊലീസുകാർക്ക് ഈ ആവശ്യകതകളെക്കുറിച്ച് അറിവില്ലെന്ന് കോടതിയെ അറിയിച്ചു. അതിനാൽ, ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി കോടതി ഉത്തരവിൻ്റെ ഒരു പകർപ്പ് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറാൻ നിർദേശിച്ചു. ഹർജിക്കാരൻ്റെ ശ്വാസ സാമ്പിൾ പരിശോധിച്ചപ്പോൾ ബ്ലാങ്ക് എയർ ടെസ്റ്റ് റീഡിങ് 412 mg/100 ml ആയിരുന്നതിനാൽ, ആ പരിശോധനയിൽ രേഖപ്പെടുത്തിയ മദ്യത്തിൻ്റെ അളവിനെ ആശ്രയിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു.ഹർജിക്കാരനെ പ്രത്യേക വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാത്തതിനാൽ, രക്തത്തിലെ മദ്യത്തിൻ്റെ അളവ് സംബന്ധിച്ച് സ്വീകാര്യമായ തെളിവുകളൊന്നുമില്ല. ഈ സാഹചര്യത്തിൽ, മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 185 പ്രകാരമുള്ള പ്രോസിക്യൂഷൻ ഫലരഹിതമായിരിക്കുമെന്ന് കോടതി കൂട്ടിച്ചേർത്തു. ഒരാൾ പുറത്തുവിടുന്ന വായുവിലെ മദ്യത്തിൻ്റെ അളവ് അളക്കുന്ന ഡയഗ്നോസ്റ്റിക് ഉപകരണമാണ് ബ്രീത്ത് അനലൈസർ. എതിർഭാഗത്തിനായി സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം സി ആഷി ഹാജരായി.