സ്വപ്‌ന സുരേഷ് സാക്ഷ്യത്തിന് അജിത് കുമാർ സ്വാധീനം ചെലുത്തിയെന്ന് അജി കൃഷ്ണൻ
ന്യൂഡൽഹി∙ സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് എഡിജിപി എം.ആർ.അജിത്കുമാറെന്ന് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മിണ്ടരുതെന്നു ഷാജ് കിരണ്‍ വഴി കേസിലെ പ്രതി സ്വപ്ന സുരേഷിനോടു പറഞ്ഞു. സ്വപ്നയോട് സംസാരിക്കുന്നതിനിടെ ഷാജിന് എഡിജിപിയുടെ ഫോൺ കോള്‍ വന്നു. എച്ച്ആര്‍ഡിഎസ് സ്റ്റാഫ് ഇതിന് സാക്ഷികളാണെന്നും എച്ച്ആർഡിഎസിന്റെ ജനറൽ സെക്രട്ടറി അജി കൃഷ്ണന്‍ പ്രതികരിച്ചു.
‘‘അന്ന് ഷാജ് കിരൺ സ്വപ്നയെ കാണാൻ വന്നിരുന്നപ്പോഴാണ് നിരന്തരം എഡിജിപിയുടെ കോൾ വന്നത്. എഡിജിപി വിളിക്കുന്നുവെന്നുപറഞ്ഞു ഷാജ് കിരൺ ഫോൺ കാണിക്കുകയും ചെയ്തു. നിങ്ങൾ മറുപടി തരൂ എന്നുപറഞ്ഞ് സ്വപ്നയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ വിഷയത്തിൽ സ്വപ്നയെ നിശബ്ദയാക്കാനുള്ള എല്ലാ നീക്കങ്ങളും നടത്തി ഭീഷണിപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം. അന്ന് ഷാജ് കിരൺ വന്ന വിഷയം സ്വപ്ന പാലക്കാട് എച്ച്ആർഡിഎസിന്റെ ഓഫിസിൽ വാർത്താസമ്മേളനം വിളിച്ചു പറഞ്ഞതാണ്. അതിന്റെ ഓഡിയോ ഉൾപ്പെടുന്ന രേഖകൾ അന്ന് പുറത്തുവിട്ടതാണ്’’ – അജി കൃഷ്ണൻ പ്രതികരിച്ചു.