വിസ് – ഇനി ദീപ്തമായ ഒരോർമ ! ജനകീയ നേതാവിന് വിടചൊല്ലി ജനസാഗരം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കേരളത്തിൻ്റെ ജനപ്രിയ നേതാവുമായിരുന്ന വിഎസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തുടരുന്നു. വിലാപയാത്ര വിഎസിൻ്റെ ജന്മനാട്ടിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ് കായംകുളത്തെത്തിയത്. സഖാവിനെ അവസാനമായി ഒരുനോക്കുകാണാൻ ജനസാഗരമെത്തിയതോടെ മണിക്കൂറുകൾ വൈകിയാണ് വിലാപയാത്ര പുരോഗമിക്കുന്നത്.
വഴിയുലടനീളം ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നത്. കനത്ത മഴയെ പോലും അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ സഖാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഏറെനേരം കാത്തുനില്‍ക്കുന്നത്.
സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശന സമയം ചുരുക്കി. ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലെ ക്യൂ തിരുവമ്പാടി വരെ നീണ്ടു.അരമണിക്കൂർ ആക്കി ചുരുക്കിയതായി സിപിഐഎം ജില്ലാ കമ്മിറ്റി അറിയിച്ചു. ഓഫീസിന് മുന്നിൽ കാത്തുനിൽക്കുന്നവർ റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് എത്താൻ നിർദ്ദേശം നൽകി.
“അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്. അതുകൊണ്ടുതന്നെ സംസ്കാരത്തിന്റെ അടക്കമുള്ള സമയക്രമത്തിൽ മാറ്റം ഉണ്ടാകു0″എംവി ഗോവിന്ദൻ പറഞ്ഞു. വിഎസ് അച്യുതാനന്ദന്റെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.
രാവിലെ ഏഴിനു ശേഷമാണ് വിലാപയാത്ര ഓച്ചിറയിൽ നിന്ന് ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചത്. വഴിയിൽ വി എസിനെ കാണാൻ ജനങ്ങൾ നിൽക്കുന്നയിടത്തെല്ലാം അന്ത്യാഭിവാദ്യം അർപ്പിക്കാൻ അവസരമൊരുക്കുന്നുണ്ട്. രാത്രി മുതൽ പെയ്യുന്ന കനത്ത മഴയെ അവഗണിച്ചും പതിനായിരങ്ങളാണ് പലയിടങ്ങളിലായി പ്രിയ സഖാവിനെ കാത്തുനിൽക്കുന്നത്.മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിലേക്കാണ് എത്തിക്കുക. പിന്നീട് തിരുവമ്പാടിയിലെ സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. ആലപ്പുഴയിൽ പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ ഇന്ന് വൈകീട്ടാണ് സംസ്കാരം.
ജൂലൈ 21നാണ് വിഎസ് അച്യുതാനന്ദൻ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വിഎസിന്. കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദൻ.