ഇന്ന് റിട്ടയർ ചെയ്യുന്ന ലോയുക്ത സിറിയക് ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു.
കോട്ടയം: സിസ്റ്റർ അഭയ വധിക്കപ്പെട്ടിട്ട് 32 വർഷം തികയുന്ന ദിവസമാണ് 2024 മാർച്ച് 27. അതേദിവസമാണ് ലോകായുക്ത സിറിയക് ജോസഫ് തലകുനിച്ച് അപമാനിതനായി ലോകായുക്തയുടെ പടിയിറങ്ങുന്നത്. പുലിയെപ്പോലെ വന്ന് എലിയെപ്പോലെ മടങ്ങുന്ന അദ്ദേഹത്തോട് ചിലത് ഓർമ്മപ്പെടുത്താനുണ്ട്. അഭയ എന്ന പാവം കന്യാസ്ത്രീയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയും, തൻ്റെ ഭാര്യാസഹോദരിയുടെ ഭർത്താവിൻ്റെ സ്വന്തം ജേഷ്ഠനുമായ ഫാദർ തോമസ് കോട്ടൂരിനെ രക്ഷിച്ചെടുക്കാൻ ജഡ്ജ് എന്ന പദവി ദുരുപയോഗം ചെയ്ത് താങ്കൾ നടത്തിയ ഇടപെടലുകളുടെ ശാപം അങ്ങയുടെ തലയിൽ എക്കാലവും നിപതിച്ചുകൊണ്ടിരിക്കും.
പ്രതിഫലം കിട്ടിയാൽ എന്ത് അന്യായവും പ്രവർത്തിക്കാൻ യാതൊരു മടിയുമില്ലാത്ത ലോകായുക്ത സിറിയക് ജോസഫ് ഇരുന്ന കസേരയുടെ മഹത്വത്തിന് തീരാകളങ്കം ചാർത്തിയാണ് പടിയിറങ്ങുന്നത്. “നീതി” എന്ന വാക്കിന് തൻ്റെ ജുഡീഷ്യറി ജീവിതത്തിൽ പുല്ല് വില കൽപ്പിച്ച മറ്റൊരു ന്യായാധിപൻ ഇന്ത്യയുടെ ചരിത്രത്തിൽ സിറിയക്കിനെപ്പോലെ വേറെയൊരാൾ ഉണ്ടാവില്ല. മൂന്നരവർഷം സുപ്രീംകോടതിയിൽ ജഡ്ജിയായി ഇരുന്നിട്ട് ആകെ സിറിയക് വിധി പറഞ്ഞത് കേവലം ഏഴ് കേസുകളിൽ മാത്രം. രാഷ്ട്രീയ നേതാക്കളുടെ പെട്ടിപിടിച്ച് ജഡ്ജിയായാൽ എങ്ങിനെയിരിക്കും എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് സിറിയക് ജോസഫ്. അദ്ദേഹം ഇന്നോളം വിധി പറഞ്ഞ വിരലിലെണ്ണാവുന്ന കേസുകളും, അനന്തമായി നീട്ടിക്കൊണ്ട് പോയ കേസുകളും വിശകനം ചെയ്താൽ അതിൽ ഓരോന്നിൽ നിന്നും അദ്ദേഹത്തിന് ലഭിച്ച ഭൗതിക നേട്ടം മനസ്സിലാക്കാം.
പ്രമാദമായ ഒരു സെക്സ് റാക്കറ്റ് കേസിൽ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിനെ രക്ഷപ്പെടുത്തിയതിന് തൻ്റെ അനുജൻ ജെയിംസ് ജോസഫിൻ്റെ ഭാര്യ ജാൻസി ജെയിംസിന് മഹാത്മാഗാന്ധി സർവ്വകലാശാലയുടെ വൈസ് ചാൻസലർ പദവി വിലപേശിയാണ് സിറിയക് വാങ്ങിക്കൊടുത്തത്. ഒരു സ്വകാര്യ കോളേജ് അദ്ധ്യാപകൻ മാത്രമായിരുന്ന തൻ്റെ സഹോദരൻ ജെയിംസ് ജോസഫിനെ ഹയർസെക്കൻ്ററി ഡയറക്ടറാക്കിയതും വളഞ്ഞവഴിക്കാണ്. കേരള ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി കിട്ടാൻ ജഡ്ജിമാർക്ക് കൊടുക്കാനെന്ന വ്യാജേന കക്ഷികളിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിന് വിധേയനായ അഡ്വ: സൈബി കിടങ്ങൂർ സിറിയക് ജോസഫിൻ്റെ ഏജൻ്റായിരുന്നു എന്നത് അഭിഭാഷകർക്കിടയിൽ അങ്ങാടിപ്പാട്ടാണ്. സിറിയക് ജോസഫ് കർണ്ണാടക ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് ആയപ്പോൾ അഡ്വ: സൈബി ബാംഗ്ലൂരിലേക്ക് പ്രാക്ടീസ് മാറ്റിയത് രഹസ്യമായ പരസ്യമാണ്.
സിറിയക് ജോസഫ് സുപ്രീംകോടതിയിൽ ജഡ്ജിയായപ്പോൾ വിവാദ വക്കീൽ ഡൽഹിയിലേക്ക് തൻ്റെ താവളം മാറ്റിയതായ ആക്ഷേപവും നിലവിലുണ്ട്. അടിമുടി അഴിമതിയിൽ മുങ്ങിക്കുളിച്ച സിറിയക് ജോസഫിൻ്റെ സ്വദേശത്തും വിദേശത്തുമുള്ള അവിഹിത സമ്പാദ്യത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനും പ്രധാനമന്ത്രിക്കും നിയമ മന്ത്രിക്കും മനുഷ്യാവകാശ പ്രവർത്തകനായ ജോമോൻ പുത്തൻപുരക്കൽ നൽകിയ പരാതി വളരെ ഗൗരവമുള്ളതാണ്.
ഒരു സർക്കാർ സ്ഥാപനം മെച്ചപ്പെടുത്തി എടുക്കുക എന്ന ലക്ഷ്യത്തോടെ ഒരാൾക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ നിയമനം നൽകിയതിൻ്റെ പേരിലാണ് എനിക്കെതിരെ ലോകായുക്ത സിറിയക് ജോസഫ് വിധി പറഞ്ഞത്. എനിക്ക് ഒരു നോട്ടീസയക്കുകയോ എൻ്റെ ഭാഗം കേൾക്കുകയോ ചെയ്യാതെ തികച്ചും ഏകപക്ഷീയമായിരുന്നു ആ വിധി. എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കലായിരുന്നു അതിനു പിന്നിലെ ഗൂഢലക്ഷ്യം.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ തനിക്കും കുടുംബത്തിനും വാഗ്ദാനം ചെയ്യപ്പെട്ട പദവികളാണ് ആ പ്രമാദവിധിയുടെ പിന്നിലെ പ്രചോദനമെന്നാണ് പൊതുവെ കേൾക്കുന്ന ആരോപണം. എനിക്കെതിരെ വിധി വാങ്ങിക്കൊടുത്താൽ പ്രതിഫലമായി യു.ഡി.എഫ് വന്നാൽ അഡ്വക്കറ്റ് ജനറലാക്കാമെന്ന വാഗ്ദാനമാണ് കേസിൽ ഹാജരായ കേൺഗ്രസ്സുകാരനായ പ്രമുഖ വക്കീലിന് യു.ഡി.എഫ് നേതൃത്വം നൽകിയിരുന്ന ഉറപ്പ്.
മേൽക്കോടതിയിൽ അപ്പീലിന് പോലും എതിർകക്ഷിക്ക് അവസരം നൽകാത്ത ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് നിലനിന്നിരുന്നത് കൊണ്ടാണ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഞാൻ കൊടുത്ത അപ്പീൽ ഹർജി പരിഗണിക്കാതെ പോയത്. അല്ലാതെ കേസിൽ മെറിറ്റ് ഇല്ലാത്തത് കൊണ്ടല്ല. അതറിയാമായിരുന്നിട്ടും തൻ്റെ വിധി ഹൈകോടതിയും സുപ്രിം കോടതിയും അംഗീകരിച്ചു എന്ന മട്ടിലാണ് സിറിയക് ജോസഫ് മേനിപറഞ്ഞ് നടന്നത്.
സത്യസന്ധരും നീതിമാൻമാരുമാകും ലോകായുക്തമാരായി നിയമിക്കപ്പെടുക എന്ന നിഗമനത്തിലും വിശ്വാസത്തിലുമാണ് അപ്പീൽ അധികാരമില്ലാത്ത വകുപ്പ് ലോകായുക്ത നിയമത്തിൽ സഖാവ് ഇ.കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ ചേർത്തത്. സിറിയക് ജോസഫിനെ പോലെയുള്ള “ഗോദ്സെമാർ” ആ സ്ഥാനത്ത് വരുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല. ആ പതിനാലാം വകുപ്പാണ് ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ നൽകിയ വളരെ നിസ്സാരമായ ഒരു കാര്യത്തിൽ അദ്ദേഹം ബാധകമാക്കിയത്. കൂലിയും വേലയുമില്ലാത്ത ഒരാൾക്ക് സ്ഥിരനിയമനം നൽകിയതാണെങ്കിൽ അൽപ്പമെങ്കിലും ന്യായം പറയാമായിരുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു ഷെഡ്യൂൾഡ് ബാങ്കിൽ ജനറൽ മാനേജരായി നല്ല ശമ്പളത്തിന് ജോലി ചെയ്യുന്ന ഒരാൾക്കാണ് ന്യൂനപക്ഷ വികസന കോർപ്പറേഷനിലേക്ക് ഒരുവർഷം ഡെപ്യൂട്ടേഷൻ നൽകിയത്. മിസ്റ്റർ സിറിയക് ജോസഫ്, അന്ന് ഡെപ്യൂട്ടേഷൻ നൽകപ്പെട്ട വ്യക്തി ഇപ്പോൾ ജോലി ചെയ്യുന്നത് ദേശസാൽകൃത ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ എറണാങ്കുളത്തെ ചീഫ് മാനേജരായിട്ടാണ്. താങ്കളുടെ സഹോദര പുത്രി അഡ്വ: തുഷാരാ ജെയിംസിനെ ഹൈക്കോടതിയിൽ ജഡ്ജിയാക്കാൻ നോക്കിയ പോലെ പിൻവാതിൽ സ്വാധീനം ഉപയോഗിച്ചാൽ കിട്ടുന്ന പോസ്ററല്ല ഒരു ദേശസാൽകൃത ബാങ്കിലെ ചീഫ് മാനേജർ പദവി. സ്വന്തം കഴിവിൻ്റെ മാത്രം പിൻബലത്തിൽ നേടിയെടുത്തതാണ് പ്രസ്തുത സ്ഥാനം.
ശുപാർശകൾ ചെയ്യിച്ചും മറ്റുള്ളവരുടെ കാല് പിടിച്ചും സിറിയക് ജോസഫ് നേടിയ എല്ലാ പദവികളുടെയും അടയാഭരണങ്ങൾ ഇന്നോടെ അഴിഞ്ഞു വീഴുകയാണ്. ന്യായാധിപൻ്റെ ഗൗണില്ലാതെ വീട്ടിലെ ചാരുകസേരയിൽ മലർന്ന് കിടക്കുമ്പോൾ പിന്നിലേക്കൊന്ന് തിരിഞ്ഞു നോക്കണം. അവിഹിത സമ്പാദ്യത്തിൻ്റെ രക്തക്കറ പുരണ്ട കൈകൾ വെറുതെ ഒന്ന് മൂക്കിനടുത്തേക്ക് അടുപ്പിച്ച് പിടിക്കണം. ആയിരംവർഷം കുമ്പസരിച്ചാലും യേശുദേവൻ പൊറുക്കാത്ത പാപങ്ങളുടെ മാറാപ്പിൻ്റെ ഭാരം സിറിയക്കിന് അപ്പോൾ അറിയാനാകും. ദേഹവും ദേഹിയും വേർപിരിയുന്ന നിമിഷംവരെ അതദ്ദേഹത്തെ വേട്ടയാടുകതന്നെ ചെയ്യും.
സിറിയക് ജോസഫ് കൊടിയ അന്യായം കാണിച്ച നിരവധി കക്ഷികൾ എന്നെ പലസന്ദർഭങ്ങളിലായി ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. അതൊക്കെവെച്ച് തൂക്കിനോക്കിയാൽ ഒരുദിവസം പോലും മനസ്സമാധാനത്തോടെ അന്തിയുറങ്ങാൻ സിറിയക് ജോസഫിന് കഴിയില്ല. മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ ദിവസങ്ങളോളം വട്ടമിട്ട് പറന്ന് ഭൂതക്കണ്ണാടി വെച്ച് നോക്കിയിട്ടും ഒരുനയാപൈസയുടെ അവിഹിത സമ്പാദ്യമോ എക്കൗണ്ടുകളിൽ ക്രമക്കേടോ കണ്ടെത്താൻ പറ്റാത്ത എന്നെപ്പോലെ ഒരു സാധാരണ പൊതുപ്രവർത്തകനെ ന്യായരഹിതവും അകാരണവുമായി അപമാനിക്കുകയും താറടിക്കുകയും ചെയ്ത “മുൻ ലോകായുക്ത” സിറിയക് ജോസഫിന് അശാന്തവും അസമാധാനപൂർണ്ണവുമായ റിട്ടയർമെൻ്റ് ജീവിതം ആശംസിക്കുന്നു.