പാക്കിസ്ഥാനിലെ അഡിയാല സെൻട്രൽ ജയിലിന് നേരെ ഭീകരാക്രമണശ്രമം
പാക്കിസ്ഥാനിലെ അഡിയാല സെൻട്രൽ ജയിലിന് നേരെ ഭീകരാക്രമണശ്രമം. മൂന്ന് ഭീകരരെ ഇതുമായി ബന്ധപ്പെട്ട പോലീസ് അറസ്റ്റ് ചെയ്തു. പോലീസും തീവ്രവാദ വിരുദ്ധ വകുപ്പും ചേർന്ന് സംയുക്തമാനടത്തിയ നടത്തിയ നീക്കത്തിലാണ് ഇവരുടെ ശ്രമം പരാജയപ്പെടുത്താൻ സാധിച്ചത്.അറസ്റ്റിലായ ഭീകരരിൽ നിന്നും ആയുധങ്ങളും വെടികോപ്പുകളും പോലീസ് കണ്ടെടുത്തിയിട്ടുണ്ട്.പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ സ്ഥിതിചെയ്യുന്ന അഡിയാല സെൻട്രൽ ജയിലിന് നേരെയാണ് ഭീകരാക്രമണശ്രമം ഉണ്ടായത്.
പാക്കിസ്ഥാന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, മുൻ വിദേശകാര്യ മന്ത്രി, പഞ്ചാബ് പ്രവിശ്യാ മുൻ മുഖ്യമന്ത്രി എന്നിവർ ഉൾപ്പെടുന്ന വിഐപികൾ അഡിയാല സെൻട്രൽ ജയിലിലാണ് തടവിൽ കഴിയുന്നത്. ഈ ജയിലിന് നേരെയാണ് ഭീകരാക്രമണ ശ്രമം ഉണ്ടായത്.
ഓട്ടോമാറ്റിക് ആയുധങ്ങൾക്ക് പുറമേ ഹാൻഡ് ഗ്രനേഡുകൾ, ഇമ്പ്രവൈസ്ഡ് സ്ഫോടക വസ്തുക്കൾ, ജയിലിന്റെ ബ്ലൂ പ്രിന്റ് എന്നിവയടക്കം ഇപ്പോൾ പിടിയിലായ ഭീകരരിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരാണ് പിടിയിലായ ഭീകരർ എന്ന് പോലീസ് അറിയിച്ചു. ഇവരെ അജ്ഞാത സ്ഥലങ്ങളിലേക്ക് കൂടുതൽ അന്വേഷണത്തിനായി മാറ്റിയിട്ടുണ്ട്.
ജയിലിൽ പാർപ്പിക്കാൻ സാധിക്കുന്നതിന്റെ ഇരട്ടി തടവുകാരാണ് അഡിയാല സെൻട്രൽ ജയിലിൽ നിലവിൽ ഉള്ളത്. അതുകൊണ്ടുതന്നെ സെൻട്രൽ ജയിൽ സുരക്ഷിതമല്ല എന്ന തരത്തിൽ നേരത്തെ തന്നെ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.