കരുനാഗപ്പള്ളിയിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്-പ്രതി അറസ്റ്റിൽ
കൊല്ലം : സുഹൃത്തിന്റെ പക്കൽ മുക്ക്പണ്ടം കൊടുത്ത് പണയം വപ്പിച്ച് തട്ടിപ്പ് നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. തൊടിയൂർ മുഴങ്ങോടി ഹാദി വില്ലയിൽ തൻസീർ(41) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഈ വർഷം മാർച്ച് 18 നാണ് സംഭവം. പ്രതിയായ തൻസീർ ഇയാളുടെ സുഹൃത്തിന്റെ പക്കൽ സ്വർണ്ണവളയാണെന്ന വ്യാജേന 1 പവനോളം തൂക്കം വരുന്ന മുക്കുപണ്ടം എൽപ്പിച്ച ശേഷം പണയപ്പെടുത്തി പണം നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇയാളുടെ സുഹൃത്തായ യുവാവ് കാരൂർകടവിലുള്ള ഫൈനാൻസ് സ്ഥാപനത്തിൽ എത്തി മുക്കുപണ്ടം പണയം വയ്ക്കുകയായിരുന്നു. സ്ഥാപനത്തിൽ വച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ വ്യാജ സ്വർണ്ണമാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പണയം വച്ച് ലഭിച്ച 92000 രൂപ യുവാവ് പ്രതിയെ ഏൽപ്പിക്കുകയും ചെയ്യ്തു. എന്നാൽ പിന്നീട് സ്ഥാപന ജീവനക്കാർ നടത്തിയ പരിശോധനയിൽ സ്വർണ്ണം വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുവാവ് പ്രതിക്കെതിരെ പരാതിയുമായി കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു. തുടർന്ന് പ്രതിക്കെതിരെ കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി എസ്.എച്ച്.ഓ ആഷിക്കിന്റെ നേതൃത്വത്തിൽ എസ്.ഐ അജി ജോസ്, എ.എസ്.ഐ റലേഷ് ബാബു, സി.പി.ഓ മാരായ മനോജ്, ശരൺ തോമസ്, ജിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.
