മുഖ്യമന്ത്രി ചർച്ച : രാഹുല്‍ ഗാന്ധി കെ.സി. വേണുഗോപാലുമായി രഹസ്യ കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം കെസി വേണുഗോപാലിനു നല്‍കാനാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് താത്പര്യമെന്നു റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയാകാന്‍ വിഡി സതീശന്, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍ എന്നിവരാണ് മത്സരിക്കുന്നത്. മൂന്ന് പേരുമായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മൂന്ന് മണിക്കൂറിനടുത്തു ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസുമായി അടുത്തു നില്ക്കുന്നവര് കെസിയുടെ സാധ്യതകള്‍ വെളിപ്പെടുത്തിയത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും സ്വകാര്യ ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
കെസിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടു വരേണ്ടതിന്റെ പ്രാധാന്യവും തന്റെ തീരുമാനം പിന്തുണയ്ക്കണമെന്നു ആവശ്യപ്പെട്ടും രാഹുല്‍ ഗാന്ധി വരും ദിവസങ്ങളില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ കാണുമെന്നും ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നുമാണ് പാര്‍ട്ടിയോടു അടുത്തവൃത്തങ്ങള്‍ നല്കുന്ന സൂചനകള്‍. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഹൈക്കമാന്‍ഡ് കൂടിക്കാഴ്ച നടക്കുന്നതിനു മുന്‍പാണ് രാഹുല്‍ ഗാന്ധി വേണുഗോപാലുമായി പ്രത്യേക ചര്‍ച്ച നടത്തിയത്.
നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വേണുഗോപാലിനു തന്നെയാണ് മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നത്. എന്നാല്‍ അദ്ദേഹത്തെ പോലെ ഒരു കേന്ദ്ര നേതാവ് വേണോ അതോ താഴെത്തട്ടില്‍ സ്വാധീനമുള്ള പ്രാദേശിക നേതാവ് വേണോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നില്‍ക്കുന്നത്. വിഡി സതീശനും രമേശ് ചെന്നിത്തലയും സംസ്ഥാനത്ത് വലിയ സ്വാധീനമുള്ള നേതാക്കളാണ്. സതീശനെ മുഖ്യമന്ത്രിയാക്കാന്‍ യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗിന്റെ പിന്തണയുമുണ്ട്.
നേതാക്കന്മാരുമായുള്ള ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ അവസാനിച്ചെങ്കിലും പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. അടുത്ത ദിവസം തന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
