2018 ലെ പ്രളയത്തിന് പിന്നില്‍ അഴിമതി : മാത്യു കുഴല്‍നാടന്‍

തൊടുപുഴ: കേരളത്തില്‍ വന്‍ കെടുതി വിതച്ച 2018 ലെ പ്രളയം മനുഷ്യനിര്‍മ്മിതമെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. ആരോപണത്തിന് തെളിവായി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ മാത്യു കുഴല്‍നാടന്‍ പുറത്തു വിട്ടു. ഡാമുകള്‍ തുറക്കാതിരുന്നത് ഉദ്യോഗസ്ഥരുടെ അഴിമതിയാണെന്ന് ശബ്ദരേഖയിലുണ്ട്. ആദ്യ പിണറായി വിജയന്‍ മന്ത്രിസഭയിലെ ജലസേചന വകുപ്പ് മന്ത്രി ആയിരുന്ന മാത്യു ടി തോമസ് സ്വകാര്യ കമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കാന്‍ സംസ്ഥാനത്തെ കുരുതി കൊടുത്തെന്നും മാത്യു കുഴല്‍നാടന്‍ ആരോപിക്കുന്നു.
തോട്ടപ്പള്ളി സ്പില്‍വേ തുറക്കാന്‍ വൈകിയതിനെ കുറിച്ചും പെരിങ്ങല്‍ക്കുത്തിലേക്ക് ജലം ഒഴുക്കിവിട്ടതിലും ക്രമക്കേടുകളും അഴിമതിയും നടന്നെന്ന് കൃഷ്ണന്‍കുട്ടി, ഒരു പാര്‍ട്ടി നേതാവിനോട് പറയുന്നതാണ് ശബ്ദരേഖയിലുള്ളതെന്ന് കുഴല്‍നാടന്‍ അവകാശപ്പെടുന്നു. മന്ത്രി മാത്യു ടി തോമസ് സ്പില്‍വേ, സമയത്ത് തുറക്കാത്തത് കരിമണല്‍ കമ്പനിക്ക് ലാഭം ഉണ്ടാക്കാന്‍ വേണ്ടിയാണ് എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. ഇത് പിന്നീട് ചെങ്ങന്നൂരില്‍ പ്രളയത്തിന് അടക്കം കാരണമായി. തോട്ടപ്പള്ളി സ്പില്‍വേ തുറക്കാന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആവശ്യപ്പെട്ടിട്ടും അനുമതി കൊടുത്തില്ലെന്നും ശബ്ദരേഖയില്‍ പറയുന്നു.
തോട്ടപ്പള്ളി സ്പിൽവേ ഒരു മാസം മുൻപേ തുറക്കേണ്ടിയിരുന്നതാണ്, എന്തുകൊണ്ട് തുറന്നില്ല?. പുണ്യാളൻ ചമയണ്ട, എക്സിക്യൂട്ടീവ് എഞ്ചിനീയർ ആവശ്യപ്പെട്ടിട്ടും തുറക്കാൻ അനുമതി കൊടുത്തില്ല. അത് തുറന്നാൽ അതിന്റെ താഴെയുള്ള കരിമണൽ ഒലിച്ചു പോകും. ആ മണൽ കരാർ എടുത്തത് മേരി മാതാ എന്ന കരാർ കമ്പനിയാണ്. ക്യൂബിക് മീറ്ററിന് 62 രൂപ എന്ന നിലയിലാണ് കരാർ നൽകിയത്. അത് മറച്ചു വിറ്റാല്‍ ചുരുങ്ങിയത് 2000 രൂപയെങ്കിലും കിട്ടും. അഞ്ചു കോടിക്ക് കരാറുകാരന് വിൽക്കും. എല്ലാ ചിലവും കഴിഞ്ഞ് 300 കോടി കരാറുകാരന് ലാഭം കിട്ടും. എല്ലാ ചെലവും കഴിഞ്ഞ് 300 കോടിയെങ്കിലും അവന് കിട്ടും. ജോഷി എന്ന ചീഫ് എഞ്ചിനിയറും ജോർജ് തോമസിൻ്റെ പെങ്ങളും മാത്യു ടി. തോമസും കൂടിയിരുന്നാണ് കളിച്ചത്’. ശബ്ദരേഖയിൽ പറയുന്നു.
