നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്ന്
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയപരിപരിധി വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് അവസാനിക്കും. നവംബര്‍ 22ന് നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തും. സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും.സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24 (തിങ്കള്‍) വൈകിട്ട് 3 മണി വരെയാണ്. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിംഗ് ഓഫീസര്‍, മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാക്രമത്തിലാണ് സ്ഥാനാര്‍ഥികളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തുക. സ്ഥാനാര്‍ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് പട്ടികയിലുണ്ടാവുക. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക പരസ്യപ്പെടുത്തും.
