ആനന്ദ് ശിവസേനയില്‍ അംഗത്വമെടുത്തു : ജീവന് ഭീഷണിയുണ്ടായിരുന്നതായും റിപ്പോര്‍ട്ട്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നിഷേധിച്ചുവെന്ന് ആരോപിച്ച് ജീവനൊടുക്കിയ ആർഎസ്എസ്-ബിജെപി പ്രവർത്തകൻ ആനന്ദ് കെ. തമ്പി, മരിക്കുന്നതിന്റെ തലേന്ന് വെള്ളിയാഴ്ച ശിവസേന(യുബിടി)യില്‍ അംഗത്വമെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സ്വതന്ത്രസ്ഥാനാര്‍ഥിയായി തൃക്കണ്ണാപുരത്തുനിന്ന് മത്സരിക്കുന്നതില്‍ അദ്ദേഹത്തിനു നേര്‍ക്ക് ഭീഷണിയുണ്ടായിരുന്നതായും ഈ ഭീഷണി മറികടക്കാന്‍ ശിവസേനയില്‍ ചേരാന്‍ ആനന്ദ് തീരുമാനിച്ചതെന്നും പറയപ്പെടുന്നു.
ശിവസേനയില്‍ ആനന്ദ് അംഗത്വം എടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തി. ശിവസേന (യുബിടി) സംസ്ഥാന സെക്രട്ടറി അജി പെരിങ്ങമലയില്‍നിന്നാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ശിവസേനയുടെ സ്ഥാനാര്‍ഥിയായി തൃക്കണ്ണാപുരം വാര്‍ഡില്‍ മത്സരിക്കാനും തിങ്കളാഴ്ച വാര്‍ഡ് കണ്വഷന് വിളിക്കാനും തീരുമാനിച്ചിരുന്നതായാണ് വിവരം. എന്നാല്‍ ശനിയാഴ്ച വൈകിട്ടോടെ ആനന്ദ് ജീവനൊടുക്കുകയായിരുന്നു.
തിരുവനന്തപുരം കോര്‍പറേഷനിലെ തൃക്കണ്ണാപുരം വാര്‍ഡിലെ ബിജെപി പ്രവര്‍ത്തകനായിരുന്നു ആനന്ദ്. ശനിയാഴ്ച വൈകിട്ട് വീടിന് പുറകിലെ ഷെഡ്ഡില്‍ ഇദ്ദേഹത്തെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. നാലേകാലോടെ സുഹൃത്തുക്കള്‍ക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. 4.45-ഓടെ ആശുപത്രിയിലെത്തിച്ചെങ്കിലും 5.05-ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ബിജെപിയുടെ പ്രാദേശിക നേതൃത്വത്തിനെതിരേ അതിരൂക്ഷ വിമര്‍ശനമുള്ള ആനന്ദിന്റെ ആത്മഹത്യക്കുറിപ്പ് പുറത്തെത്തിയിട്ടുണ്ട്.തൃക്കണ്ണാപുരം വാര്‍ഡിലെ ബിജെപി ഏരിയ പ്രസിഡന്റ് ആലപ്പുറം കുട്ടന് എന്നറിയപ്പെടുന്ന ഉദയകുമാര്‍, നിയോജകമണ്ഡലം കമ്മിറ്റി മെമ്പര്‍ കൃഷ്ണകുമാര്‍, ആര്‍എസ്എസിന്റെ നഗര്‍ കാര്യവാഹക് രാജേഷ് എന്നിവര്‍ മണ്ണ് മാഫിയ ആണെന്ന് ആനന്ദിന്റെ കുറിപ്പിലുണ്ട്. അവരുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് അധികാരത്തിന്റെ ഒരു ആള് വേണം. അതിനുവേണ്ടിയാണ് മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറിനെ (അനി) ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതെന്നും ആനന്ദ് കുറിപ്പില്‍ ആരോപിക്കുന്നു.
