സ്കൂട്ടറിൽ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

ചെങ്ങന്നൂർ: ബൈറോഡിൽ നിന്നും മെയിൻ റോഡിലേക്ക് അലക്ഷ്യമായി സ്കൂട്ടറോടിച്ചു കയറ്റി എന്നാരോപിച്ച് തർക്കമുണ്ടായതിനെത്തുടർന്നുള്ള വൈരാഗ്യത്താൽ വാഹനമിടിപ്പിച്ച് കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ സ്കൂട്ടറിന്റെ പുറകിൽ കാറിടിപ്പിച്ച് സ്കൂട്ടർ യാത്രികനെ ഗുരുതരമായ പരിക്കേൽപിച്ചതിന് ചെങ്ങന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലെ പ്രതിയായ ചെട്ടികുളങ്ങര, പേള, ശ്രീലകം വീട്ടിൽ ജയേഷ് (42) ആണ് അറസ്റ്റിലായത്. പ്രതി ഭാര്യയുമായി പ്രാവിൻകൂട് നിന്നും ഇരമല്ലിക്കരക്ക് കാറോടിച്ചു വരികയായിരുന്നു. ആ സമയം ഇരമല്ലിക്കരഭാഗത്തേക്ക് പോകാനായി തിരുവൻവണ്ടൂർ സ്കൂളിനുസമീപമുള്ള ഇടറോഡിൽ നിന്നും പെട്ടെന്ന് പ്രധാന റോഡിലേക്ക് സ്കൂട്ടറോടിച്ചു കയറ്റിയ പാണ്ടനാട്, കോട്ടയം ഭാഗത്ത്, കടവിൽ പ്ലാമൂട്ടിൽ വീട്ടിൽ കെ.ജി.വർഗീസിനെ പ്രതി കാർ നിർത്തി ചോദ്യം ചെയ്യുകയും ഇരുവരും പരസ്പരം അസഭ്യം വിളിക്കുകയും ചെയ്തു.
പ്രതിയെയും ഭാര്യയെയും അസഭ്യം വിളിച്ച ശേഷം പെട്ടെന്ന് സ്കൂട്ടർ ഓടിച്ചു പടിഞ്ഞാറോട്ട് പോയ വർഗീസിനെ പ്രതി കാറിൽ അതി വേഗതയിൽ പിന്തുടരുന്നത് കണ്ട് ഭയന്ന വർഗ്ഗീസ് ഇടവഴിയിലേക്ക് കയറ്റി സ്കൂട്ടർ നിർത്തി. പ്രതിയുടെ കാർ കടന്നു പോയി എന്ന് ഉറപ്പു വരുത്തിയ ശേഷം തന്റെ വീട്ടിലേക്ക് തിരിച്ചു പോകാനായി പ്രധാന റോഡിലിറങ്ങി തിരികെ തിരുവൻവണ്ടൂരിന് വരുന്ന സമയം മുമ്പേ പോയ വർഗ്ഗീസിനെ കാണാത്തതിനാൽ പ്രതി കാർ തിരിച്ച് വീണ്ടും തിരുവൻവണ്ടൂർ ഭാഗത്തേക്ക് വരികയാണുണ്ടായത്. അങ്ങനെ തിരികെ വരവേ വഴിയിൽ വെച്ച് സ്കൂട്ടർ വീണ്ടും കാണുകയും സ്കൂട്ടർ യാത്രികനെ കാറിടിപ്പിച്ച് കൊല്ലണമെന്നുള്ള മനപ്പൂർവ്വമായ ഉദ്ദേശത്തോടെ പ്രതി വീണ്ടും പുറകേ അമിതവേഗതയിൽ കാറോടിച്ച് തിരുവൻവണ്ടൂർ ഭാഗത്ത് കള്ളിക്കാട് വീടിനു സമീപത്തുവെച്ച് സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. ഇടി കൊണ്ട് തെറിച്ച സ്ക്കൂട്ടറുമായി വർഗീസ് സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ ചെന്നിടിച്ച് ഗുരുതരമായ പരിക്കുകൾ പറ്റുകയായിരുന്നു.
സ്കൂട്ടർ യാത്രികന് ഗുരുതരമായ പരിക്കുകൾ സംഭവിച്ചു എന്നറിഞ്ഞിട്ടും പ്രതി പരിക്കേറ്റയാളെ ആശുപത്രിയിൽ കൊണ്ടുപോകാതെ സ്ഥലത്തു നിന്നും കാർ പുറകോട്ടെടുത്ത് ഓടിച്ച് രക്ഷപ്പെട്ടു പോയി. അപകടവിവരം പോലീസിനെയോ മറ്റാരെയെങ്കിലുമോ അറിയിച്ചില്ല. ഈ സംഭവത്തിൽ വെച്ച് ഇലക്ട്രിക് പോസ്റ്റിൽ തലയിടിച്ച് നെറ്റിക്ക് ആഴത്തിലുള്ള മുറിവും ഇടതുകാൽ മുട്ടിനും വാരിയെല്ലുകൾക്കും തോളിനും അസ്ഥികൾക്ക് ഒടിവുകളുമുണ്ടായി വർഗ്ഗീസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചെങ്ങന്നൂർ പോലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലിൽ റിമാന്റ് ചെയ്തു.