ശബരിമല സ്വര്‍ണക്കൊള്ള ഇന്ന് ഹൈക്കോടതിയില്‍

0
GOLD SA

കൊച്ചി: ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അടച്ചിട്ട മുറിയിലാകും കോടതി നടപടികള്‍. ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് ആദ്യത്തെ കേസായി തന്നെ വിഷയം പരിഗണിക്കും. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ പുരോഗതി വ്യക്തമാക്കിക്കൊണ്ടുള്ള ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും. ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് രണ്ടാഴ്ച കൂടുമ്പോള്‍ അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആറാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് ദേവസ്വം ബെഞ്ച് പ്രത്യേക അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. കേസിന്റെ രഹസ്യാത്മകത ചോര്‍ന്നുപോകാതിരിക്കാനാണ് റിപ്പോര്‍ട്ട് അടച്ചിട്ട മുറിയില്‍ കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.

അന്വേഷണം പാതിവഴിയില്‍ എത്തിനില്‍ക്കുന്ന ഈ ഘട്ടത്തില്‍, ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തേക്ക് പോകുന്നത് കേസിന്റെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്ന നിലപാടാണ് ഹൈക്കോടതിക്കുള്ളത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലെ കണ്ടെത്തലുകളാണ് ഈ റിപ്പോര്‍ട്ടിലുണ്ടാകുക. രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍, മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമോ, ഇതുവരെ കണ്ടെത്തിയതിന് അപ്പുറം എന്തൊക്കെ വിവരങ്ങള്‍ ഉണ്ട് എന്നതില്‍ റിപ്പോര്‍ട്ട് വളരെ നിര്‍ണായകമാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അടുത്ത സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ ഇന്നലെ എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാന്‍ എസ്‌ഐടി തീരുമാനിച്ചിട്ടുണ്ട്. 2019ല്‍ സ്വര്‍ണം പൂശുന്നതിനായി ദ്വാരപാലക ശില്പങ്ങളുടെ പാളികള്‍ സന്നിധാനത് നിന്ന് ഏറ്റുവാങ്ങി ബംഗ്ലൂരുവിലേക്ക് കൊണ്ടുപോയത് അനന്ത സുബ്രഹ്മണ്യമാണെന്ന് കണ്ടെത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *