വനിതാ ക്രിക്കറ്റ് ലോകകപ്പ് : ഇന്ത്യാ – പാകിസ്ഥാൻ മത്സരം ഇന്ന്

വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യാ – പാകിസ്ഥാൻ മത്സരം. ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാക് മത്സരത്തിന്റെ വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് മറ്റൊരു ഇന്ത്യാ – പാക് മത്സരത്തിന് കായികലോകം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെയും പാകിസ്ഥാന്റെയും വനിതാ താരങ്ങൾ ഏറ്റുമുട്ടുന്നത്.
ഏഷ്യാ കപ്പിൽ ഇന്ത്യൻ ക്യാപ്റ്റനോ സഹതാരങ്ങളോ പാകിസ്ഥാൻ ടീമിന് കൈ കൊടുത്തിരുന്നില്ല. ഇതേ നിലപാട് വനിതാ ടീമും സ്വീകരിക്കാനാണ് സാധ്യത. ഒരാഴ്ചകൊണ്ട് നിലപാടിൽ മാറ്റംവരാൻ സാധ്യതയില്ലെന്നായിരുന്നു ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയുടെ പ്രതികരണം.
ആദ്യമത്സരത്തിൽ ശ്രീലങ്കയെ 59 റൺസിന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ പാക് പെൺപടയെ നേരിടാനിറങ്ങുന്നത്. ടോപ് ഓർഡർ തകർച്ച നേരിട്ടിട്ടും ദീപ്തി ശർമയും അമൻജോതും അർധസെഞ്ചുറികളുമായി നടത്തിയ പോരാട്ടം ഇന്ത്യൻ ബാറ്റിങ്ങിന്റെ ആഴം വ്യക്തമാക്കുന്നതാണ്. ബൗളിങ്ങിൽ പേസർ ക്രാന്തി ഗൗഡും സ്പിന്നർമാരായ ദീപ്തി ശർമ, ശ്രീചരണി എന്നിവരും ഫോമിലാണ്. പാകിസ്ഥാനെതിരായ ചരിത്രവും ഇന്ത്യക്കനുകൂലമാണ്. ഏകദിനക്രിക്കറ്റിൽ പാകിസ്ഥാന് ഇതുവരെ ഇന്ത്യയെ തോൽപ്പിക്കാനായിട്ടില്ല.