ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് നഷ്ടമായ ഫോൺ ചെന്നൈയിൽ എത്തിച്ചു നൽകി : ദുബൈ പൊലീസ്

ദുബൈ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് നഷ്ടമായ മൊബൈൽ ഫോൺ യാത്രക്കാരൻ ചെന്നൈയിൽ തിരികെ എത്തിയതിന് പിന്നാലെ ദുബൈ പൊലീസ് എത്തിച്ചു നൽകി. നഷ്ടമായി എന്ന് കരുതിയ ഫോൺ ദുബൈ പൊലിസിന്റെയും എമിറേറ്റ്സ് എയർലൈൻസിന്റെയും സഹായത്തോടെ വീണ്ടെടുത്തതിന്റെ അനുഭവം തമിഴ്‌നാട്ടിൽ നിന്നുള്ള യൂട്യൂബർ മദൻ ഗൗരി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
കഴിഞ്ഞയാഴ്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രയ്ക്കിടെ തന്റെ ഫോൺ നഷ്ടപ്പെട്ടതായി മദൻ ഗൗരി വെളിപ്പെടുത്തി. പലരെയും പോലെ, ആദ്യം അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്നാണ് താനും കരുതിയത്.എന്നാൽ, ഈ വിവരം വിമാനത്താവള ജീവനക്കാരെ അറിയിച്ചപ്പോൾ, ഫോണിന്റെ വിശദാംശങ്ങൾ ഇമെയിൽ ചെയ്യാൻ അവർ യു ട്യൂബറോട് ആവശ്യപ്പെട്ടു. അദ്ദേഹം വിവരങ്ങൾ അവർക്ക് ഇ മെയിൽ ചെയ്തു കൊടുത്തു.ചെന്നൈയിൽ തിരിച്ചെത്തിയ ഉടനെ അദ്ദേഹത്തിന്റെ ഫോൺ കണ്ടെത്തിയതായി സ്ഥിരീകരിക്കുന്ന ഇമെയിൽ ലഭിച്ചു. ഇത് തന്നെ അത്ഭുതപ്പെടുത്തി എന്ന് അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു.
ദുബൈ പൊലിസ്, എമിറേറ്റ്‌സ് എയർലൈൻസുമായി സഹകരിച്ച്, ചെന്നൈയിലേക്കുള്ള അടുത്ത വിമാനത്തിൽ മൊബൈൽ ഫോൺ സൗജന്യമായി തിരികെ എത്തിച്ചു നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.തടസ്സമില്ലാത്തതും വേഗതയേറിയതുമായ ഈ നടപടി മദൻ ഗൗരി എന്ന യൂട്യൂബറെ മാത്രമല്ല ആകർഷിച്ചത്. ആ കഥ അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഫോളേവേഴ്സും ദുബൈ പൊലിസിനും എമിറേറ്റ് എയർലൈൻസിനും അഭിനന്ദനവുമായി എത്തി.