ഇന്ത്യ- ഇംഗ്ലണ്ട് നിര്‍ണായക ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് സിറാജ്

0
siraj

ലണ്ടൻ : ഓവലിൽ നടക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരുടെ മിന്നും പ്രകടനത്തില്‍ ഇംഗ്ലീഷ് നിര തകർന്നു . ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന് ഇന്ത്യയെക്കാൾ 23 റൺസിന്‍റെ ലീഡ് മാത്രമേ നേടാനായുള്ളൂ. ബൗളർമാരായ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും 4 വീതം വിക്കറ്റുകളാണ് വീഴ്‌ത്തിയത്. വെറും 16.2 ഓവറിൽ 88 റൺസ് വഴങ്ങിയാണ് സിറാജിന്‍റെ നാല് വിക്കറ്റ് നേട്ടം. ഒല്ലി പോപ്പ്, ജോ റൂട്ട്, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക് എന്നിവരെയാണ് താരം ഇന്നലെ മടക്കിയത്.ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെ റെക്കോർഡ് സിറാജ് തകർത്തു. 11 മത്സരങ്ങളിൽ നിന്ന് ആറാം തവണയും സിറാജ് നാല് വിക്കറ്റുകൾ വീഴ്ത്തി. അതേസമയം 12 മത്സരങ്ങളിൽ നിന്ന് നാല് തവണയാണ് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തിയത്. കൂടാതെ പാകിസ്ഥാന്‍റെ വഖാർ യൂനുസിന് ശേഷം ഇംഗ്ലണ്ടിൽ ആറ് തവണ നാല് വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യ ഏഷ്യൻ ഫാസ്റ്റ് ബൗളറായി സിറാജ് മാറി. 1996 ൽ ഇംഗ്ലണ്ടിൽ ആറ് തവണയും വഖാർ നാല് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഇംഗ്ലണ്ടിൽ ആറ് തവണ നാല് വിക്കറ്റുകൾ വീഴ്ത്തിയ ഏക ഏഷ്യൻ സ്പിന്നർ മുത്തയ്യ മുരളീധരനാണ്.സിറാജിനും ബുംറയ്ക്കും ശേഷം ഇംഗ്ലണ്ടിൽ നാല് വിക്കറ്റ് വീഴ്ത്തിയത് ഇഷാന്ത് ശർമ്മ (4), സുഭാഷ് ഗുപ്ത (3), കപിൽ ദേവ് (3), മുഹമ്മദ് ഷാമി (3), ചേതൻ ശർമ്മ (3) എന്നിവരാണ്. അതേസമയം സച്ചിൻ ടെണ്ടുൽക്കർ തന്‍റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ നേടിയ വിക്കറ്റുകളെയും സിറാജ് മറികടന്നു. രാജ്യാന്തര ക്രിക്കറ്റിൽ സിറാജിന്‍റെ ആകെ വിക്കറ്റ് നേട്ടം 203 ആയി. സച്ചിന്‍റെ പേരിൽ 201 രാജ്യാന്തര വിക്കറ്റുകളാണ് ഉള്ളത്.

അഞ്ച് മത്സരങ്ങളുള്ള ഇംഗ്ലണ്ട് പരമ്പരയില്‍ മികച്ച പ്രകടനമാണ് സിറാജ് പുറത്തെടുത്തത്. ഇതുവരെ ആകെ 17 വിക്കറ്റുകൾ വീഴ്ത്തി പരമ്പരയിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ കളിക്കാരനായി താരം മാറി. പുറമെ, അഞ്ച് മത്സരങ്ങളും കളിച്ച ഒരേയൊരു ഫാസ്റ്റ് ബൗളർ സിറാജും ഇംഗ്ലണ്ടിന്‍റെ ക്രിസ് വോക്‌സുമാണ്. എന്നാൽ മത്സരത്തിന്‍റെ ആദ്യ ദിവസം, വോക്‌സിന് പരിക്കേറ്റതിനെ തുടർന്ന് മത്സരത്തിൽ നിന്ന് പുറത്തായി. രണ്ടാം ഇന്നിംഗ്‌സിലും സിറാജ് പന്തെറിഞ്ഞാൽ, പരമ്പരയിലെ 10 ഇന്നിംഗ്‌സുകളിലും പന്തെറിയുന്ന ഏതൊരു ടീമിൽ നിന്നും ഒരേയൊരു ഫാസ്റ്റ് ബൗളറായി താരം മാറും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *