മെസ്സിയുടെ ഇന്ത്യന്‍ പര്യടനം ഡിസംബര്‍ 13 മുതല്‍ 15 വരെ

0
MESSI

മുംബൈ: അർജന്‍റീനയുടെ ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസ്സി നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലെത്തും. 2025 ഡിസംബർ 13 മുതൽ 15 വരെയാണ് സൂപ്പര്‍ താരത്തിന്‍റെ ഇന്ത്യന്‍ പര്യടനം. മുംബൈ ഉൾപ്പെടെ മൂന്ന് നഗരങ്ങൾ താരം സന്ദർശിക്കും. ഡിസംബർ 14 ന് വാംഖഡെയിൽ വെച്ച് നടക്കുന്ന സൗഹൃദ ക്രിക്കറ്റ് മത്സരത്തില്‍ മെസ്സി ഭാഗമാവുമെന്ന്മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ (എംസിഎ) ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു

സച്ചിൻ ടെണ്ടുൽക്കർ, എം.എസ് ധോണി, വിരാട് കോലി, രോഹിത് ശർമ തുടങ്ങി നിരവധി താരങ്ങളും മത്സരത്തില്‍ പങ്കെടുക്കും. ഏഴു പേർ വീതമുള്ള രണ്ടു ടീമുകളാക്കി തിരിച്ച് പ്രദർശന മത്സരം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ.

2011 ലാണ് മെസ്സി അവസാനമായി ഇന്ത്യ സന്ദർശിച്ചത്. സാൾട്ട് ലേക്ക് സിറ്റി സ്റ്റേഡിയത്തിൽ വെനിസ്വേലയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ അദ്ദേഹം പങ്കെടുത്തു. മത്സരത്തില്‍ അർജന്‍റീന 1-0 ന് വിജയിച്ചു. അതേസമയം ഒക്ടോബറിൽ കേരളത്തിൽ ഒരു അന്താരാഷ്ട്ര സൗഹൃദ മത്സരവും അർജന്‍റീന കളിക്കും. എതിരാളിയെയോ കൃത്യമായ വേദിയെയോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിലവിലെ ലോക ചാമ്പ്യന്മാർക്ക് വീണ്ടും ആതിഥേയത്വം വഹിക്കുമെന്ന് റിപ്പോർ ട്ടുണ്ട് .അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാൻ സാധ്യതയുണ്ടെന്ന് ടീമിന്‍റെ മാർക്കറ്റിംഗ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്‌സൺ കഴിഞ്ഞ ആഴ്‌ച ദുബായില്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ദുബൈയിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സുമായി സഹകരണത്തിനുള്ള ധാരണ പത്രത്തിൽ ഒപ്പ് വെക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകകപ്പിന് മുമ്പ് കേരളത്തിൽ കളിക്കാൻ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2025 ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ കേരളത്തില്‍ രണ്ട് കളികള്‍ നടത്താന്‍ ആണ് ആലോചന.

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കുന്ന ചടങ്ങിൽ മെസ്സി പങ്കെടുക്കും. കൂടാതെ മെസിയുടെ നേതൃത്വത്തില്‍ കുട്ടികൾക്കായി ഫുട്ബോൾ ശില്‍പശാലയും ഒരു ഫുട്ബോൾ ക്ലിനിക് ആരംഭിക്കും. ഈഡൻ ഗാർഡൻസിൽ താരത്തിനോടുള്ള ബഹുമാനാർത്ഥം ‘ഗോട്ട് കപ്പ്’ എന്ന പേരിൽ ഒരു സെവൻ-എ-സൈഡ് ടൂർണമെന്‍റും സംഘടിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഡൽഹിയില്‍ മെസ്സി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചേക്കും. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയമോ ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടോ സന്ദർശിക്കാനും സാധ്യതയുണ്ട്. എന്നാല്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ റിപ്പോർട്ടല്ലാതെ മറ്റു ഔദ്യോഗിക സ്ഥീരികരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *