തൃശൂരിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന നാല് വയസുകാരനെ പുലി ആക്രമിച്ചു

തൃശൂർ: മലക്കപ്പാറയിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന നാല് വയസുകാരനെ പുലി ആക്രമിച്ചു. തലയിൽ കടിച്ച് വലിച്ചുകൊണ്ടുപോകാൻ ശ്രമിച്ച കുട്ടിയെ വീട്ടുകാർ ഒച്ച വെച്ചതോടെയാണ് രക്ഷപെടുത്താനായത്. സാരമായി പരിക്കേറ്റ കുട്ടിയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മലക്കപ്പാറ പോലീസ് സ്റ്റേഷൻ പരിധിയിലെ അതിരപ്പിള്ളി പഞ്ചായത്തിലെ വീരാൻ കുടി ഉന്നതിയിൽ താമസിക്കുന്ന ബേബിയുടെ മകൻ രാഹുൽ (4 വയസ്) എന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിൽ കിടന്നുറങ്ങുകയായിരുന്നു കുട്ടി. ഉടൻ തന്നെ സ്ഥലത്തെത്തിയ മലക്കപ്പാറ ഇൻസ്പെക്ടർ സജീഷിൻ്റെ നേതൃത്വത്തിൽ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.