ബീഹാറിൽ ആംബുലൻസിൽ 26 കാരി കൂട്ടബാലാൽസംഗത്തിന് ഇരയായി :രണ്ടുപേർ അറസ്റ്റിൽ

പട്‌ന: ബിഹാറിലെ ബോധ് ഗയയിൽ ആംബുലൻസിൽ വെച്ച് 26 വയസുള്ള ഹോം ഗാർഡ് വനിതാ ഉദ്യോഗാർഥിയെ കൂട്ടബലാത്സംഗം ചെയ്‌തതായി പരാതി. ബിഎംപി-3 ലെ ഹോം ഗാർഡ് റിക്രൂട്ട്‌മെന്‍റ് പ്രക്രിയയ്ക്കിടെയാണ് സംഭവം നടന്നത്.
ശാരീരിക ക്ഷമതാ പരിശോധനയ്ക്കിടെ തളര്‍ന്നുവീണ പെൺകുട്ടിയുടെ ആരോഗ്യം പെട്ടെന്ന് വഷളാവുകയായിരുന്നു. ഇതേ തുടര്‍ന്ന് ഉടൻ തന്നെ മഗധ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുവാനുള്ള നടപടി അധികൃതര്‍ സ്വീകരിച്ചു. ആംബുലൻസിൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് കൂട്ടബലാത്സംഗം നടന്നതെന്നാണ് യുവതി ആരോപിക്കുന്നത്. ഇമാംഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ ഇര നിലവില്‍ മഗധ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്നോ നാലോ പേർ തന്നെ കൂട്ടബലാത്സംഗം ചെയ്‌തുവെന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ബലാത്സംഗം നടക്കുന്ന സമയത്ത് താന്‍ അബോധാവസ്ഥയിലായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
26-കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബോധ് ഗയ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. എസ്‌എസ്‌പി ആനന്ദ് കുമാർ വിഷയം ഗൗരവമായി എടുക്കുകയും അടിയന്തര നടപടിക്ക് നിർദേശം നൽകുകയും ചെയ്‌തു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബോധ് ഗയയിലെ എസ്‌ഡിപിഒയുടെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.
ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നിലവില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ആംബുലന്‍സ് ഡ്രൈവറും ടെക്‌നീഷ്യനുമാണ് പിടിയിലുള്ളതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ രണ്ട് പ്രതികളെയും വിശദമായി ചോദ്യം ചെയ്‌തുവരികയാണെന്നും മറ്റ് പ്രതികൾകളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാണെന്നും എസ്‌എസ്‌പി ആനന്ദ് കുമാർ വ്യക്തമാക്കി.