ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് സമരം : വാഹനത്തിൽ ഉണ്ടായിരുന്ന രോഗി മരിച്ചു

തിരുവനന്തപുരം: വിതുരയിൽ രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് സമരം. വാഹനത്തിൽ ഉണ്ടായിരുന്ന രോഗി മരിച്ചു. മെഡിക്കൽ കോളേജിൽ എത്തിക്കാൻ വൈകിയതോടെയാണ് രോഗിയായ ആദിവാസി യുവാവ് ബിനു (44) മരിച്ചത്. വിതുര സ്വദേശിയായിരുന്നു.
ആംബുലൻസിന്റെ കാലപ്പഴക്കവും ഇൻഷുറൻസ് തീർന്നതും ആരോപിച്ച് കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു സമരം. 20 മിനിറ്റോളം ആംബുലൻസ് തടഞ്ഞു നിർത്തിയാണ് കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്.ആത്മഹത്യക്ക് ശ്രമിച്ച ബിനുവിനെ ഉച്ചയോടെയാണ് വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സയ്ക്കു ശേഷം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സമരവുമായി എത്തിയത്.
രോഗിയുടെ അവസ്ഥ പറയാൻ ശ്രമിച്ച ആശുപത്രി അധികൃതരോടും പ്രതിഷേധക്കാർ തട്ടിക്കയറിയതായാണ് റിപ്പോർട്ട്. എന്നാൽ പ്രതിഷേധങ്ങളെല്ലാം കഴിഞ്ഞ് മെഡിക്കൽ കോളേജിൽ എത്തിച്ചതിനു പിന്നാലെ ബിനു മരിച്ചു. സമരക്കാർ വാഹനത്തിനകത്തുള്ള രോഗിയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുക്കാതെ പ്രതിഷേധവുമായി മുന്നോട്ട് പോയത് കൊണ്ടാണ് ബിനുവിനെ കൃത്യ സമയത്തു ആശുപത്രിയിലെത്തിക്കാൻ കഴിയാതെ പോയത്