വൃദ്ധനെ കാറിൽ കെട്ടിയിട്ട് മകനും കുടുംബവും താജ്‌മഹൽ കാണാൻ പോയി : നാട്ടുകാർ കാർചില്ല് തകർത്തു (VIDEO)

ആഗ്ര : ആഗ്രയിലെ താജ് മഹലിൻ്റെ പടിഞ്ഞാറൻ ഗേറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ 80 വയസ്സുള്ള ഒരാളെ മുൻ സീറ്റിൽ കെട്ടിയിട്ട് ഒറ്റയ്ക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.മഹാരാഷ്ട്ര നമ്പർ പ്ലേറ്റുള്ള ഒരു കാർ സംശയാസ്പദമായി ദീർഘനേരം പാർക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഗാർഡ് കൂടുതൽ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ അകത്ത് കൈകളും കാലുകളും തുണികൊണ്ട് കെട്ടിയിട്ടനിലയിൽ ഒരു വൃദ്ധനെ കണ്ടെത്തുകയായിരുന്നു. വാഹനത്തിനുള്ളിലെ കടുത്ത ചൂട് കാരണം അദ്ദേഹത്തിന്റെ അവസ്ഥ വളരെ ദയനീയവും ശോചനീയവു മായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
.ഗാർഡ് സഹായത്തിനായി വിളിച്ചതിനെത്തുടർന്ന് നാട്ടുകാരൊക്കെ ചേർന്ന് കാറിന്റെ ചില്ല് തകർത്ത് വൃദ്ധനെ പുറത്തെടുത്തു.”കാർ തുറന്നതിനുശേഷം അവശനായ വൃദ്ധനെ അതിൽ നിന്ന് പുറത്തെടുത്തു,” ടൂറിസം ഇൻസ്പെക്ടർ കുൻവർ സിംഗ് പറഞ്ഞു.”രക്ഷപ്പെടുത്തിയ ശേഷം, ആ മനുഷ്യന് വെള്ളം നൽകിയെങ്കിലും ആശയവിനിമയം നടത്താൻ കഴിഞ്ഞില്ല. അടിയന്തര വൈദ്യസഹായത്തിനായി അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ, മെഡിക്കൽ സ്റ്റാഫ് അദ്ദേഹത്തിന്റെ അവസ്ഥ സ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണ്.” സിംഗ് പറഞ്ഞു.
മഹാരാഷ്ട്ര സ്വദേശിയായ സിദ്ധേശ്വർ ടിണ്ടലെ കുടുംബത്തോടോപ്പം താജ് മഹൽ സന്ദർശിക്കാൻ എത്തിയപ്പോഴാണ് പിതാവായ ഹരിഓം ടിണ്ടലെയെ കാറിനകത്ത് കെട്ടിയിട്ടതെന്ന് പൊലീസ് കമീഷണർ പറഞ്ഞു.പക്ഷാഘാതം ബാധിച്ച 80 വയസുള്ള വൃദ്ധനോടൊപ്പമാണ് കുടുംബം മുംബൈയിൽ നിന്ന് കാറോടിച്ചെത്തിയത് .ആർക്കും പരാതി ഇല്ലാത്തതിനാൽ സംഭവത്തിൽ കേസൊന്നും ഇതുവരെ എടുത്തിട്ടില്ലാ എന്നും പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ചു കൂടുതൽ പൊലീസ് അന്വേഷിച്ചുവരികയാണ്.