സ്‌കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ്‌ഗീതയും രാമയണവും: തെറ്റില്ലെന്ന് കോൺഗ്രസ്

ഡെറാഡൂൺ: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഭഗവദ്‌ഗീത പഠിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് വിദ്യാഭ്യാസ വകുപ്പിൻ്റെയും സർക്കാറിന്റെയും തീരുമാനത്തിൽ തെറ്റില്ലെന്ന് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത്.
സ്‌കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ്‌ഗീതയും രാമയണവും ഉൾപ്പെടുത്തുന്നതിൽ തെറ്റില്ലെന്നും മതഗ്രന്ഥങ്ങളിൽ നിന്നുള്ള നല്ലതും പ്രചോദനാത്മകവുമായ കാര്യങ്ങൾ സിലബസിൽ ഉൾപ്പെടുത്തുന്നതിനോട് യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“ഭഗവദ്ഗീത കർമ്മയോഗത്തെക്കുറിച്ചാണ്. കർമ്മയോഗത്തിലെ പാഠങ്ങൾ എല്ലായ്‌പ്പോഴും ഉചിതമാണ്. മതഗ്രന്ഥങ്ങളിൽ നിന്നുള്ള നല്ലതും പ്രചോദനാത്മകവുമായ കാര്യങ്ങൾ സിലബസിൽ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല. പക്ഷെ ഇത് ഏകപക്ഷീയമാകരുത്. മറ്റ് മതഗ്രന്ഥങ്ങളിലും വിലപ്പെട്ട പാഠങ്ങൾ ഉണ്ട്. അവയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. കാവിവൽക്കരണ അജണ്ട മുന്നോട്ട് കൊണ്ടപോകുക എന്ന കാഴ്‌ചപ്പാടൊടെയാണ് ഈ പ്രവൃത്തിയെങ്കിൽ അത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രതികൂലമായി ബാധിക്കും ” ഹരീഷ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.
17,000 സർക്കാർ സ്‌കൂളുകളുടെ സിലബസിൽ ഭഗവദ്‌ഗീതയും രാമായണവും ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിലിനോട് (എൻസിഇആർടി) ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ധാൻ സിങ് റാവത്ത് നേരത്തെ പറഞ്ഞിരുന്നു.
” ഭഗ്‌വദ്‌ഗീത ഭഗവാൻ കൃഷ്‌ണൻ അർജുനന് നൽകിയ അറിവുകൾ ഉൾക്കൊള്ളുന്ന ഒരു വിശുദ്ധ ഗ്രന്ഥമാണ്. അത് സമഗ്രമായി വായിച്ചാൽ ഒരു വ്യക്തിയുടെ ജീവിതകാലം മുഴുവൻ പ്രയോജനപ്പെടും”
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കൽ സിങ് ധാമി പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്നതുവരെ സ്‌കൂളുകളിലെ ദൈനംദിന പ്രാർഥനകളില്‍ ഭഗവദ്‌ഗീതയിൽ നിന്നും രാമയണത്തിൽ നിന്നമുള്ള ശ്ലോകങ്ങൾ ഉൾപ്പെടുത്താനാണ് സർക്കാർ തീരുമാനം .