കനത്ത മഴ :കേരളത്തിൽ ജാഗ്രത നിർദേശം

തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായതോടെ സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം. വിവിധ ജില്ലകളിൽ പെരുമഴ തുടരുകയാണ്. രാത്രി 12 മണിക്ക് ശേഷം കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ രണ്ട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും വയനാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് നിലവിലുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.അതിതീവ്ര മഴയാണ് വരും മണിക്കൂറുകളിൽ പ്രവചിക്കപ്പെട്ടിട്ടുള്ളത്. തൃക്കന്തോട് ഉരുൾപ്പൊട്ടലും കുറ്റ്യാടി ചുരത്തിൽ മണ്ണിടിച്ചിലും മുന്നിൽ കണ്ട് വയനാട് അടക്കമുള്ള മലയോര ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന നിർദേശമാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്.
ഓറഞ്ച് അലർട്ട്
17/07/2025: വയനാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി
18/07/2025: കണ്ണൂർ, കാസർകോട്
19/07/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
20/07/2025: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
മഞ്ഞ അലർട്ട്
17/07/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം.
18/07/2025: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
19/07/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്.
20/07/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്.
കോഴിക്കോട് മരുതോങ്കര പഞ്ചായത്തിലെ തൃക്കന്തോട് ഉരുൾപ്പൊട്ടി. ഉരുൾപൊട്ടലുണ്ടായത് ജനവാസമേഖലയില് അല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. കുറ്റ്യാടി ചുരത്തിൽ മണ്ണിടിഞ്ഞു. ചുരം പത്താം വളവിലാണ് മണ്ണിടിഞ്ഞത്. കാസർകോട് ചെറുവത്തൂരിൽ കുളങ്ങാട് മലയിലും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മഴ ശക്തമായ സാഹചര്യത്തിൽ താമരശേരി, കുറ്റ്യാടി ചുരം റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് നിർദേശം നൽകി. അത്യാവശ്യ വാഹനങ്ങൾക്കു മാത്രമേ ചുരം റോഡുകളിൽ പ്രവേശനം അനുവദിക്കൂ. ഭാരം കൂടിയ വാഹനങ്ങൾ കടത്തിവിടില്ല. പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തിപ്പെടുത്താനും ജില്ലാ കലക്ടർ നിർദേശം നൽകി.