നിമിഷപ്രിയയുടെ വധശിക്ഷ : ഒഴിവാക്കാൻ ഇടപെട്ട് കാന്തപുരം, ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം: യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ഇടപെട്ട് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. യമനി പണ്ഡിതനും സുഹൃത്തുമായ ഹാഫിള് ഹബീബ് ഉമർ വഴിയാണ് കാന്തപുരം ഇടപെടുന്നത്. കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദുല്‍ മഹ്ദിയുടെ സഹോദരനുമായി ഹാഫിള് ഹബീബ് സംസാരിച്ചുവെന്നാണ് വിവരം.
നിമിഷപ്രിയയുടെ മോചനത്തിനായി എപി അബൂബക്കർ മുസ്ലിയാർ ശ്രമം തുടരുകയാണെന്ന് മർക്കസ് ലോ കോളജ് പ്രിൻസിപ്പലും സുഹൃത്തുമായ അഡ്വ.സമദ് പുലിക്കാട് പറഞ്ഞു. യമനിലെ ആക്ഷൻ കമ്മിറ്റിയുമായി സഹകരിക്കുന്ന തമിഴ്നാട് സ്വദേശി സാമുവൽ ചർച്ചകൾ തുടരുകയാണ്.
നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാറിൻ്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുളള ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ‘സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ’ സമർപ്പിച്ച ഹർജിയാണ് പരിഗണിക്കുക. നിമിഷപ്രിയയുടെയുടെ കേസിൻ്റെ സ്വഭാവം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം പതിനാറിന് നടപ്പാക്കാൻ യമൻ അധികൃതർ തീരുമാനിച്ച സാഹചര്യത്തിലാണ് ആക്ഷൻ കൗൺസിൽ കോടതിയെ സമീപിച്ചത്.
വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് ജയിൽ അധികൃതർക്ക് ലഭിച്ച വിവരം അറിഞ്ഞിട്ടും രക്ഷപ്പെടാനാവുമെന്ന പ്രതീക്ഷയിലാണ് നിമിഷപ്രിയ. കൊല്ലപ്പെട്ട യമൻ പൗരൻ്റെ കുടുംബം ദിയാ ധനം സ്വീകരിച്ച് വധശിക്ഷയിൽ നിന്ന് ഒഴിവാക്കുമെന്ന പ്രതീക്ഷയിലാണെന്ന് ആക്ഷൻ കമ്മിറ്റി പ്രവർത്തകരോട് നിമിഷപ്രിയ പറഞ്ഞു.വധശിക്ഷയെ കുറിച്ച് അറിഞ്ഞിട്ടു പോലും നിമിഷ അസാമാന്യമായ മനക്കരുത്തും ധൈര്യവുമാണ് പ്രകടിപ്പിക്കുന്നതെന്ന് സേവ് നിമിഷപ്രിയ ഇൻ്റർ നാഷണൽ ആക്ഷൻ കമ്മിറ്റി കൺവീനർ ബാബു ജോൺ പറഞ്ഞു. നിമിഷയുടെ മോചനത്തിനുള്ള സാധ്യത ഈ അവസാന നിമിഷത്തിലുമുണ്ടെന്നാണ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ നൽകുന്ന വിവരം. നിമിഷയുടെ ജയിൽ മോചനത്തിന് വേണ്ടിയുള്ള ശ്രമങ്ങൾക്കായി നിമിഷയുടെ അമ്മയടക്കം യമനിലെത്തി ആക്ഷൻ കമ്മിറ്റിയുടെ കീഴിൽ മാസങ്ങളായി ശ്രമം നടത്തുകയായിരുന്നു. എന്നാൽ കൊല്ലപ്പെട്ട യമൻ പൗരൻ്റെ കുടുംബത്തെ നേരിൽ കണ്ട് ചർച്ച നടത്താൻ കഴിഞ്ഞിരുന്നില്ല.
2017 ലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ യമൻ സ്വദേശിയായ തലാൽ അബ്ദുല്‍ മഹ്ദിയെ കൊലപ്പെടുത്തുന്നത്. വിവാഹ ശേഷം 2012 ലാണ് നിമിഷപ്രിയയും ഭർത്താവ് ടോമിയും യമനിൽ എത്തുന്നത്. യമൻ പൗരൻ തലാല്‍ അബ്ദുല്‍ മഹ്ദിയുടെ പാർട്ടണർഷിപ്പിൽ നിമിഷപ്രിയ ക്ലിനിക്ക് തുടങ്ങിയിരുന്നു. ക്ലിനിക്ക് ആരംഭിച്ച ശേഷം ഭർത്താവും മകളും നാട്ടിലേക്ക് തിരികെ എത്തിയെങ്കിലും യമനിൽ യുദ്ധം ഉണ്ടായതിനാൽ നിമിഷക്ക് തിരിച്ച് വരാന്‍ കഴിഞ്ഞില്ല.
നിമിഷപ്രിയയും യമൻ സ്വദേശിയായ മറ്റൊരു പെൺകുട്ടിയും തലാല്‍ അബ്ദുല്‍ മഹ്ദിയുടെ ശാരീരികവും മാനസികമായ പീഡനത്തിനിരയായി. ഇരുവരുടെ പാസ്പോർട്ട് ഉൾപ്പടെ തലാൽ പിടിച്ചെടുത്തിരുന്നു. പീഡനം സഹിക്കവയ്യാതെ യമൻ പൗരനിൽ മയക്ക് മരുന്ന് കുത്തിവച്ച് പാസ്പോർട്ടുമായി നിമിഷയും യമൻ വനിതയും രക്ഷപെട്ടിരുന്നു. എന്നാൽ പൊലീസ് പിടികൂടിയ ഇവരെ ജയിലിൽ അടച്ചു. ഇതിനിടെ താലാലിന്റെ മൃതദേഹം ഇവരുടെ ക്ലിനിക്കിൽ നിന്നും ലഭിച്ചതോടെ കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യുകയായിരുന്നു. യമൻ വിചാരണ കോടതിയെ യാഥാർത്ഥ്യം ബോധ്യപ്പെടുത്താൻ നിമിഷപ്രിയയ്ക്ക് കഴിയാത്തതിനാൽ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. യമനി വനിതയെ ജീവപര്യന്തം തടവിനും ശിക്ഷ വിധിച്ചിരുന്നു.
യമൻ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചെങ്കിലും കോടതി അപ്പീൽ തള്ളുകയായിരുന്നു. കൊല്ലപ്പെട്ട വ്യക്തിയുടെ അവകാശികൾ മാപ്പ് നൽകിയാൽ മാത്രമേ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ നിമിഷപ്രിയക്ക് കഴിയുകയുള്ളൂ.