കേന്ദ്രസര്‍ക്കാരിന് ലാഭവിഹിതമായി 2.69 ലക്ഷം കോടി രൂപ നല്‍കാന്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനം

0

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024-25) ലാഭവിഹിതമായി 2.69 ലക്ഷം കോടി രൂപ നല്‍കാന്‍ റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) തീരുമാനം. കഴിഞ്ഞ വര്‍ഷം കൈമാറിയ 2.10 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാകും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27.37 ശതമാനം അധിക തുകയാണ് ഇത്തവണ കൈമാറുന്നത്. റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡാണ് ബംപര്‍ ലാഭവിഹിതം കൈമാറാന്‍ തീരുമാനിച്ചത്. ഇന്നലെ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ അധ്യക്ഷയതില്‍ കൂടിയ ആര്‍ബിഐ ആര്‍ബിഐ സെട്രല്‍ ബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്.

കേന്ദ്രത്തിന് ധനക്കമ്മി നിയന്ത്രിക്കാനും ക്ഷേമ, വികസന പദ്ധതികള്‍ക്ക് പണം ഉറപ്പാക്കാനും റിസര്‍വ് ബാങ്കിന്റെ ഈ പിന്തുണ വലിയ സഹായമാകും. നടപ്പുവര്‍ഷം (2025-26) ധനക്കമ്മി ജിഡിപിയുടെ 4.4 ശതമാനമായി നിയന്ത്രിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. 5.6 ശതമാനമായിരുന്നു കഴിഞ്ഞവര്‍ഷം. അടിയന്തര സാഹചര്യമുണ്ടായാല്‍ ആര്‍ബിഐ കരുതി വയ്ക്കുന്ന സഞ്ചിത നിധിയുടെ പരിധി ആര്‍ബിഐ ബാലന്‍സ് ഷീറ്റിന്റെ 7.5 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. ഇത്തരത്തില്‍ സിആര്‍ബി അനുപാതം ഉയര്‍ത്തിയിട്ടും കേന്ദ്രത്തിന് ബംപര്‍ ലാഭവിഹിതം പ്രഖ്യാപിക്കാന്‍ റിസര്‍വ് ബാങ്കിന് കഴിഞ്ഞത് വരുമാനത്തില്‍ കുതിപ്പുണ്ടായതുവഴിയാണ്.

റിസര്‍വ് ബാങ്കില്‍ നിന്ന് കേന്ദ്രം ബജറ്റില്‍ പ്രതീക്ഷിച്ച 2.56 ലക്ഷം കോടി രൂപയേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ലാഭവിഹിതമെന്ന (2,68,590.07 കോടി രൂപ) പ്രത്യേകതയുമുണ്ട്.ചെലവുകള്‍ കഴിച്ചുള്ള വരുമാനത്തിലെ മിച്ചമാണ് റിസര്‍വ് ബാങ്ക് പൂര്‍ണമായും ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നത്. വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന അടിയന്തര വായ്പകളില്‍ നിന്നുള്ള പലിശ, നിക്ഷേപങ്ങളില്‍ നിന്നുള്ള നേട്ടം, കരുതല്‍ വിദേശനാണയ ശേഖരത്തില്‍ നിന്നുള്ള ഡോളര്‍ വിറ്റഴിക്കല്‍ എന്നിവ വഴിയാണ് റിസര്‍വ് ബാങ്ക് പ്രധാനമായും വരുമാനം നേടുന്നത്. ഇതില്‍ നിന്ന് ചെലവ് കിഴിച്ചുള്ള തുകയാണ് വരുമാന സര്‍പ്ലസ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *