മാർച്ചിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയേക്കും
ന്യൂഡൽഹി: മാർച്ച് ആദ്യവാരം മുതൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയേക്കും. മൂന്ന് അയൽ രാജ്യങ്ങളിലെ ന്യൂന പക്ഷവിഭാഗങ്ങൾക്ക് പൗരത്വം നൽകുന്നതിനുള്ള പ്രത്യേക വകുപ്പുകൾ ഉൾക്കൊള്ളുന്ന നിയമം ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് നടപ്പിലാക്കിയേക്കും. ഇതിനായുള്ള ഓൺലൈൻ പോർട്ടൽ തയാറായിട്ടുണ്ട്. നിലവിൽ പോർട്ടലിന്‍റെ ട്രയൽ റൺ നടന്നു കൊണ്ടിരിക്കുകയാണ്. വിവാദമായ നിയമം നടപ്പിലാക്കില്ലെന്നും കേരളവും പശ്ചിമ ബംഗാളും ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ വ്യക്തമാക്കിയിരുന്നു. പോർട്ടൽ വഴി ഈ പ്രശ്നം ഒഴിവാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 നവംബർ 31 നു മുൻപ് കുടിയേറിയ ഹിന്ദു, സിഖ്, ജയിൻ , ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളെയാണ് പൗരത്വത്തിന് പരിഗണിക്കുക. പൗരത്വത്തിനായി മതം പരിഗണിക്കുന്നു എന്ന ആരോപണം ഉയർന്നതിനെത്തുടർന്നാണ് നിയമം വിവാദത്തിലായത്. വിഷയത്തിൽ മുസ്ലീം ലീഗ് ഉൾപ്പെടെ നൽകിയ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.