പാക്സൈന്യത്തിൻ്റെ പിടിയിലായ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു

അതിർത്തി കടന്നുവെന്നാരോപിച്ച് ഏപ്രിൽ 23-നാണ് ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ പാക് സൈന്യം പിടികൂടിയത്.
ന്യൂഡൽഹി: പാകിസ്ഥാൻ്റെ പിടിയിലായ ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ മോചിപ്പിച്ചു. ജവാനെ പാകിസ്ഥാന്‍ ഇന്ത്യയ്‌ക്ക് കൈമാറിയതായി ബിഎസ്എഫ് സ്ഥിരീകരിച്ചു. പ്രോട്ടോക്കോൾ പാലിച്ച് പഞ്ചാബിലെ വാഗ – അട്ടാരി അതിർത്തി വഴിയാണ് ഇദ്ദേഹത്തെ കൈമാറിയതെന്ന് ബിഎസ്‌എഫ് പ്രസ്‌താനയിലൂടെ അറിയിച്ചു.
രാവിലെ പത്തരയോടെയായിരുന്നു കൈമാറ്റം. ഏപ്രിൽ 23-ന് ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാന്‍ പാകിസ്ഥാൻ റേഞ്ചേഴ്‌സിന്‍റെ കസ്റ്റഡിയിലാവുകയായിരുന്നുവെന്ന് പഞ്ചാബ് ഫ്രോണ്ടിയർ ഓഫ് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.പാക് പിടിയിലായി മൂന്നാഴ്‌ചകള്‍ക്ക് ശേഷമാണ് പൂർണം കുമാർ ഷായുടെ മോചനം. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ കനത്ത സംഘര്‍ഷം നടക്കുമ്പോഴും പാകിസ്ഥാൻ്റെ കസ്റ്റഡിയിലായിരുന്നു പൂര്‍ണം കുമാര്‍. ബിഎസ്‌എഫ് ജവാനെ പിടികൂടിയ വിവരം പാക് സൈന്യം തന്നെയാണ് ഇന്ത്യയെ അറിയിച്ചത്. കസ്റ്റഡിയിലുള്ള ജവാൻ്റെ ഫോട്ടോ ഉള്‍പ്പെടെ പുറത്തുവിടുകയും ചെയ്‌തിരുന്നു.ഫിറോസ്‌പൂർ ജില്ലയിലെ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിൽ വച്ചാണ് പൂർണം പാക് റേഞ്ചേഴ്‌സിന്‍റെ പിടിയിലാവുന്നത്. അതിർത്തിൽ കൃഷി ചെയ്യുന്ന സാധാരണക്കാരെ സഹായിക്കുന്നതിനിടെ പൂര്‍ണം അബദ്ധത്തില്‍ അതിര്‍ത്തി കടക്കുകയായിരുന്നു. മേയ് ഏഴിന് ഇന്ത്യയും പാകിസ്ഥാനും വെടിനില്‍ത്തലിന് ധാരണയായതിന്‍റെ പശ്ചാത്തലത്തിലാണ് പൂര്‍ണത്തിന്‍റെ മോചനം ഉണ്ടായിരിക്കുന്നത്. നേരത്തെ ഇദ്ദേഹത്തിൻ്റെ മോചനവുമായി ബന്ധപ്പെട്ട് കുടുബം ആശങ്ക അറിയിച്ച് രംഗത്തിയിരുന്നു. ഈ ആശങ്കകള്‍ക്കാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.