കളിക്കിടയിലുണ്ടായ തർക്കം:12വയസുകാരൻ 14കാരനെ കുത്തിക്കൊന്നു

ബെംഗളൂരു: കളിക്കിടയിലുണ്ടായ വഴക്കിനെ തുടര്‍ന്ന് പന്ത്രണ്ട് വയസുകാരൻ പതിനാല് വയസുള്ള സുഹൃത്തിനെ കുത്തിക്കൊന്നു. കര്‍ണാടകയിലെ ഹുബ്ബളിയില്‍ കമരിപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയില്‍ തിങ്കളാഴ്‌ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ഹുബ്ബളി-ദാര്‍വാഡ് പൊലീസ് കമീഷണര്‍ ശശികുമാര്‍ പറഞ്ഞു. വഴക്കിനെ തുടര്‍ന്ന് പന്ത്രണ്ട് വയസുകാരൻ വീട്ടില്‍ നിന്ന് കത്തിയെടുത്തു കൊണ്ടുവന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കുത്തേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ സംഭവം വളരെ അസ്വസ്ഥ ഉളവാക്കുന്നുവെന്നും ഔദ്യോഗിക ജീവിതത്തില്‍ ഇത്തരമൊരു സംഭവത്തിന് സാക്ഷിയാകുന്നത് ആദ്യമാണെന്നും പൊലീസ് കമീഷണര്‍ ശശികുമാര്‍ പറഞ്ഞു. സ്വന്തം കുട്ടികളുടെ പെരുമാറ്റം മാതാപിതാക്കള്‍ നിരീക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.