പാകിസ്ഥാന്‍ ഡ്രോൺ ആക്രമണങ്ങളില്‍ തിരിച്ചടിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്തിന് നേരെയുണ്ടായ പാകിസ്ഥാന്‍ ആക്രമണങ്ങളില്‍ തിരിച്ചടിച്ച് ഇന്ത്യ. നിയന്ത്രണ രേഖയിലും അന്താരാഷ്‌ട്ര അതിര്‍ത്തിയിലും പാകിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങള്‍ക്കാണ് തിരിച്ചടി നല്‍കിയത്. ജമ്മു സെക്‌ടറില്‍ നിന്നാണ് പ്രത്യാക്രമണം നടത്തിയതെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
പാകിസ്ഥാനുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വടക്ക് ബാരാമുള്ള മുതല്‍ തെക്ക് ഭുജ് വരെയും അന്താരാഷ്‌ട്ര അതിര്‍ത്തിയിലുമായി 26 പാക് ഡ്രോണുകള്‍ കണ്ടെത്തി. ബാരാമുള്ള, ശ്രീനഗർ, അവന്തിപോര, നഗ്രോട്ട, ജമ്മു, ഫിറോസ്‌പൂർ, പത്താൻകോട്ട്, ഫാസിൽക്ക, ലാൽഗഡ് ജട്ട, ജയ്‌സാൽമർ, ബാർമർ, ഭുജ്, കുവാർബെറ്റ്, ലഖി നാല എന്നിവിടങ്ങളില്‍ നിന്നാണ് ഡ്രോണുകള്‍ കണ്ടെത്തിയത്. ഇത് സൈനികര്‍ക്കും സാധാരണക്കാര്‍ക്കും ഭീഷണിയാണെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.
സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സേന അതീവ ജാഗ്രതയിലാണ്. സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണ്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേങ്ങളില്‍ കഴിയുന്നവര്‍ വീടുകള്‍ക്കുള്ളില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥ സംബന്ധിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് കശ്‌മീര്‍ മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഓഫിസ് പറഞ്ഞു.